
ഇന്ധനവില കത്തുന്നു; രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ
text_fieldsകൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ വർധിച്ചതോടെ ഇന്ധനവില കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലും പെട്രോൾ വില 85 രൂപയിലെത്തി. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 85.41 രൂപയും ഡീസലിന് 79.38 രൂപയുമാണ് വില. കൊച്ചിയിൽ യഥാക്രമം 83.93 രൂപയും 77.88 രൂപയും. ഭൂരിഭാഗം ജില്ല ആസ്ഥാനങ്ങളിലും വില 85 രൂപയിൽ താഴെയാണെങ്കിലും ദൂരപരിധിയനുസരിച്ച് മാറ്റം വരുന്നതിനാൽ നഗരത്തിന് പുറത്തെ മിക്ക സ്ഥലങ്ങളിലും 85ലെത്തി.
2018 സെപ്റ്റംബറിലാണ് ഇതിനുമുമ്പ് നിലവിലേതിന് സമാന നിരക്കിലേക്ക് ഇന്ധനവില ഉയർന്നത്. അന്ന് തിരുവനന്തപുരത്ത് പെട്രോളിന് 84.33 രൂപയും ഡീസലിന് 78.25 രൂപയുമായിരുന്നു. അസംസ്കൃത എണ്ണവിലയിലെ വർധനയാണ് ഇന്ധനവില കുത്തനെ വർധിപ്പിക്കാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. അന്താരാഷ്ട്ര വിപണിയിൽ നവംബർ 10ന് ബാരലിന് 43.61 ഡോളറായിരുന്ന എണ്ണക്ക് ഇപ്പോൾ 48.18 ഡോളറാണ്. എന്നാൽ, എണ്ണവിലയിലെ നേരിയ വർധനയുടെ പേരിൽപോലും ഇന്ധനവില കൂട്ടുന്ന കമ്പനികൾ എണ്ണവില കുത്തനെ ഇടിഞ്ഞ സന്ദർഭങ്ങളിലൊന്നും വില കുറച്ചില്ല. വിലക്കുറവിെൻറ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കാത്തവിധം കേന്ദ്രസർക്കാർ എക്സൈസ് നികുതി ഉയർത്തുകയും ചെയ്തു.
നവംബർ ഒന്നിനുശേഷം സംസ്ഥാനത്ത് പെട്രോളിന് 2.52 രൂപയും ഡീസലിന് 3.47 പൈസയും വർധിച്ചു. വിലവർധന വരുംദിവസങ്ങളിലും തുടരുമെന്നാണ് സൂചന. രണ്ട് മാസത്തോളം വിലയിൽ കാര്യമായ മാറ്റമില്ലാതിരുന്നതിന് ശേഷമാണ് ഓരോ ദിവസവും വില വർധിപ്പിച്ചുതുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
