ഇന്ധന വിലവർധന: കമ്പനി ക്രെഡിറ്റ് സൗകര്യം നിർത്തി, എച്ച്.പി.സി.എൽ പമ്പുകളിൽ ഇന്ധന ക്ഷാമം
text_fieldsകൊച്ചി: പെട്രോൾ പമ്പുകൾക്ക് കടമായി ഇന്ധനം വിതരണം ചെയ്തിരുന്നത് എച്ച്.പി.സി.എൽ എണ്ണക്കമ്പനി ഒറ്റയടിക്ക് നിർത്തിയതോടെ എച്ച്.പി.സി.എൽ പമ്പുകളിൽ ഇന്ധന വിതരണം ഭാഗികം. സംസ്ഥാനത്തെ 2200 പമ്പുകളിൽ 34-36 ശതമാനം എച്ച്.പി.സി.എല്ലിന്‍റേതാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബി.പി.സി.എൽ കമ്പനികൾ മുമ്പേ ഡീലർമാർക്ക് ക്രെഡിറ്റ് നൽകാറില്ല. അതിനാൽ എച്ച്.പി.സി.എൽ ഒഴികെയുള്ള കമ്പനികളുടെ പമ്പുകളിൽ ഇന്ധന വിതരണത്തിന് തടസ്സമില്ല.
എച്ച്.പി.സി.എല്ലിന് എറണാകുളത്ത് 100, കോഴിക്കോട് 64, തിരുവനന്തപുരം 46 എന്നിങ്ങനെയാണ് പമ്പുകൾ. വിപണിയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ എച്ച്.പി.സി.എൽ അനിയന്ത്രിതമായി ഡീലർമാർക്ക് ഇന്ധനം ക്രെഡിറ്റിൽ ലഭ്യമാക്കിയിരുന്നു. ഇന്ധന വില കൂട്ടിത്തുടങ്ങിയ മാർച്ച് 22 മുതൽ എച്ച്.പി.സി.എൽ വായ്പസൗകര്യം റദ്ദാക്കി. പ്രതിദിനം ശരാശരി 85 പൈസ വരെ ഇന്ധനവില കൂട്ടിയതോടെ ഒരുദിവസം റിഫൈനറിയിൽ ഇന്ധനം പിടിച്ചുവെച്ചാൽ പോലും ലക്ഷങ്ങളുടെ ലാഭമാണ് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്നത്.
നിലവിൽ മൂന്നുലോഡ് ഇന്ധനം എടുക്കാൻ 75 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് ദേശീയ വൈസ് പ്രസിഡന്‍റ് ആർ. ശബരീനാഥ് പറഞ്ഞു. ക്രെഡിറ്റ് ലഭിച്ചിരുന്നപ്പോൾ ഡീലർമാർ അത് സ്വകാര്യ ബസുകൾ, ചരക്കുലോറികൾ തുടങ്ങിയവക്ക് കടമായി ഡീസൽ നൽകിയിരുന്നു. അവരിൽനിന്ന് തുക പിരിഞ്ഞുകിട്ടാൻ ചിലപ്പോൾ മാസങ്ങൾ തന്നെയെടുക്കും. എച്ച്.പി.സി.എൽ ക്രെഡിറ്റ് സൗകര്യം എടുത്തുകളഞ്ഞതോടെ ഇന്ധനം എടുക്കാൻ വൻ തുക മുടക്കാനില്ലാതെയായതാണ് കമ്പനികളുടെ പമ്പുകളിൽ ഇന്ധനക്ഷാമം വരുത്തുന്നതെന്നും അദ്ദേഹം വിവരിച്ചു. പമ്പുടമകളിൽ 85 ശതമാനം പേരും ബാങ്ക് വായ്പ ആശ്രയിച്ചാണ് ദൈനംദിന വിനിമയം നടത്തുന്നത്. പ്രശ്നം പെട്രോളിയം മന്ത്രിക്കും സെക്രട്ടറിക്കും മുന്നിൽ പമ്പ് ഡീലർമാരുടെയും ട്രേഡർമാരുടെയും സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. ഒരാഴ്ചയെങ്കിലും കഴിയാതെ പരിഹാരം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.
അതിനിടെ, കുതിച്ചുകയറുന്ന പെട്രോൾ, ഡീസൽ വില തങ്ങൾക്ക് വലിയ തോതിൽ നഷ്ടം വരുത്തുന്നുവെന്ന് പമ്പുടമകൾ പറയുന്നു. ഒരുലിറ്റർ പെട്രോളിൽനിന്ന് ഒരുശതമാനം ബാഷ്പീകരിച്ച് പോകുന്നുണ്ട്. അതിലൂടെ ലിറ്ററിന് 60 പൈസ നഷ്ടം വരുന്നുവെന്നാണ് കണക്ക്. വില കുതിച്ചുയർന്നതോടെ നഷ്ടം 1.14 രൂപയായി വർധിച്ചെന്നും എണ്ണക്കമ്പനികൾ ഇത് കണക്കിലെടുക്കാറില്ലെന്നും അവർ പറയുന്നു. വില കൂടിയാലും ഓരോ പമ്പിലും നിശ്ചിത സ്റ്റോക്ക് ഇന്ധനം സൂക്ഷിക്കണമെന്നാണ് നിബന്ധന.
'ബൾക്ക് ഡീൽ' വിനയായി; സ്വകാര്യ കമ്പനി പമ്പുകൾ അടച്ചു
കൊച്ചി: ഡീസൽ മൊത്തമായി വാങ്ങുന്ന 'ബൾക്ക് ഡീലർമാർ'ക്ക് ലിറ്ററിന് 25 രൂപ എണ്ണക്കമ്പനികൾ കൂട്ടിയത് സ്വകാര്യ പെട്രോൾ പമ്പുകൾക്ക് വിനയായി. നയാര, റിലയൻസ് പോലുള്ള സ്വകാര്യ പമ്പുകളെയും ബൾക്ക് ഡീലറായി എണ്ണിയതോടെ അധിക തുക നൽകിയാലാണ് ഇന്ധനം ലഭ്യമാക്കുന്നുള്ളൂ. ഉപഭോക്താക്കളിൽനിന്ന് 25 രൂപ ഡീസലിന് അധികം വാങ്ങുക അസാധ്യമായതോടെ സ്വകാര്യ കമ്പനികളുടെ പമ്പുകൾ അടച്ചിടുകയായിരുന്നു.