You are here

ബാങ്കുകളിൽ നിന്ന്​ കോടികൾ തട്ടിയ അമ്മ അറസ്​റ്റിൽ; മകനായി വലവിരിച്ചു

  • എറണാകുളം ഇൻഫ​​ർമേഷൻ ഓഫിസറെന്ന്​ അമ്മയും ഐ.പി.എസ്​ ഓഫിസറെന്ന്​ മകനും അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ്​ തട്ടിപ്പ്​ നടത്തിയത്​

23:16 PM
27/10/2019

ഗുരുവായൂര്‍: ജില്ല അസി. പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ചമഞ്ഞ് അമ്മയും കശ്മീരിലെ ഐ.പി.എസ് ഓഫിസർ ചമഞ്ഞ് മകനും ചേർന്ന് ബാങ്കുകളിൽ നിന്ന് തട്ടിയെടുത്തത്​ കോടികൾ. ഇതിന് പുറമെ സൗഹൃദം സ്ഥാപിച്ച് ബാങ്ക് മാനേജർ അടക്കമുള്ളവരെയും പറ്റിച്ചു. അമ്മയെ ടെമ്പിൾ പൊലീസ് അറസ്​റ്റ് ചെയ്തു. മകൻ ഓടി രക്ഷപ്പെട്ടു. കണ്ണൂർ തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമളയാണ്(58)​ കോഴിക്കോട്​ ബിലാത്തിക്കുളത്തെ വാടക വീട്ടില്‍ നിന്ന് അറസ്​റ്റിലായത്​. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ വിപിൻ കാർത്തിക്​ (29) ഓടിരക്ഷപ്പെട്ടു. 

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖ മാനേജർ സുധാദേവിയുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്​ സംസ്ഥാന വ്യാപക തട്ടിപ്പി​​​െൻറ ചുരുളഴിച്ചത്. ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് മാത്രം രണ്ടു പേരും രണ്ടു കാറുകള്‍ക്കായി 30 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. പുറമെ ബാങ്ക് മാനേജര്‍ കൊല്ലം സ്വദേശിയായ സുധാദേവിയില്‍ നിന്ന് 97 പവന്‍ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തു. 

ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും രണ്ടു പേർക്കും അക്കൗണ്ട് ഉണ്ട്​. വായ്പയെടുത്ത്​ ആഡംബര കാറുകൾ മറിച്ചു വിൽക്കുകയാണ് ചെയ്തിരുന്നത്. എറണാകുളം ജില്ല അസി. പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എന്നാണ് ശ്യാമള പരിചയപ്പെടുത്തിയിരുന്നത്. കശ്മീരിലെ കുപ്​വാര ജില്ലയിലെ ഐ.പി.എസ് ഓഫിസറെന്നാണ്​ മകൻ വിപിൻ പറഞ്ഞിരുന്നത്. തലശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽ പ്യൂണായിരുന്ന ശ്യാമളയെ മേലധികാരിയുടെ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ തുടർന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 

കുപ്പുവാരയിലെ പൊലീസ് സൂപ്രണ്ടി​​​െൻറ ഒപ്പോടുകൂടിയ സാലറി സർട്ടിഫിക്കറ്റാണ് വിപിൻ ഹാജരാക്കിയത്. കമീഷണർ ജി.എച്ച്. യതീഷ്ചന്ദ്രയുടെയും എ.സി.പി ബിജു ഭാസ്‌കറി​​​െൻറയും നിർദേശ പ്രകാരം സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ എ. അനന്തകൃഷ്ണന്‍, എ.എസ്.ഐ പി.എസ്. അനില്‍കുമാര്‍, സി.പി.ഒ മാരായ മിഥുന്‍, പ്രിയേഷ്, ശ്രീജ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വായ്പയെടുക്കാൻ വ്യാജൻ; വാഹനം മറിക്കാൻ അതിനെ വെല്ലും രേഖ
ഗുരുവായൂര്‍: ബാങ്ക് വായ്പകൾ തരപ്പെടുത്താൻ ഹാജരാക്കിയ വ്യാജ രേഖകളെ വെല്ലുന്ന വ്യാജൻമാരെയാണ്​ തുടർ തട്ടിപ്പുകൾക്കായി ചമച്ചിരുന്നത്​. വ്യാജ രേഖ ഹാജരാക്കി തരപ്പെടുത്തുന്ന ബാങ്ക് വായ്പ മറച്ചുവെച്ചാണ് വിവിധയിടങ്ങളിലെ ആര്‍.ടി. ഓഫിസുകളിൽ നിന്ന് വാഹന വിൽപനക്ക്​ രേഖകൾ സമ്പാദിച്ചത്​. ഇവർ രണ്ട് വർഷം ഗുരുവായൂരിനടുത്ത് താമരയൂരിലെ ഫ്ലാറ്റിൽ വാടകക്ക് താമസിച്ചിരുന്നു. ശ്യാമളയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. വിപിന്​ പുറമെ ഒരു മകൾ കൂടിയുണ്ട്. താമരയൂരില്‍ ഫ്ലാറ്റില്‍ നിന്ന് ഹുണ്ടായ് കാറും ബുള്ളറ്റ് മോട്ടോർ സൈക്കിളും പൊലീസ് കസ്​റ്റഡിയിലെടുത്തു. വ്യത്യസ്ത മേല്‍വിലാസം നല്‍കി ഗുരുവായൂരിലെ പല ബാങ്കുകളില്‍ നിന്ന്​ 11 ആഡംബര കാറുകള്‍ക്ക് വായ്​പ എടുത്തതായി ശ്യാമള പൊലീസിനോട് സമ്മതിച്ചു. 

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എസ്.ബി.ഐ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ നിന്ന് രണ്ടു കാറുകള്‍ വീതവും, പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് മൂന്ന് കാറുകളും വായ്പയായി എടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടില്‍നിന്നും കണ്ടെടുത്ത ഡയറിയില്‍ നാദാപുരം, തലശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ സമാന തട്ടിപ്പ് നടത്തിയതി​​​െൻറ സൂചനയുണ്ടെന്ന്​ ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു. 

ബി.ടെക്​​ പാതിവഴിയിൽ ഉപേക്ഷിച്ച്​ ‘ഐ.പി.എസ് ഓഫിസറാ’യി
ഗുരുവായൂര്‍: ഐ.പി.എസ് ഓഫിസർ ചമഞ്ഞ വിപിൻ കാർത്തികിനെതിരെ വിവിധ ജില്ലകളിലായി പതിനഞ്ചോളം കേസുകളുണ്ടെന്ന്​ പൊലീസ് പറഞ്ഞു. അമ്മ ശ്യാമളക്ക് പത്താം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. മകൻ വിപിൻ കാർത്തിക് രണ്ട് വർഷം ബി.ടെക്കിന് പഠിച്ചെങ്കിലും പൂർത്തിയാക്കാതെ ഹോട്ടൽ മാനേജ്മ​​െൻറ് കോഴ്സിന് ചേർന്നു. തിരിച്ചറി‍യൽ രേഖകൾ തിരുത്തുന്നതിനാൽ പലയിടത്തും പല പേരിലാണ് കേസുകൾ.

ആധാറിലെ വിവരങ്ങൾ എളുപ്പത്തിൽ തിരുത്താമെന്ന് കണ്ടെത്തി ആ സൗകര്യവും പ്രതികൾ പ്രയോജനപ്പെടുത്തി. വേഗത്തില്‍ സൗഹൃദം സ്ഥാപിക്കാനുള്ള മിടുക്ക് ഉപയോഗിച്ചാണ് ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജര്‍ സുധാദേവിയെ കബളിപ്പിച്ചത്. ചികിത്സക്കും ചില ബാധ്യതകള്‍ തീർക്കാനുമായാണ് പണവും സ്വർണവും ആവശ്യപ്പെട്ടത്. ഇവർ കുടുങ്ങിയ വാർത്ത പുറത്തുവരുന്നതോടെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

 

Loading...
COMMENTS