മലപ്പുറത്ത് മൂന്നിടത്ത് ഉരുൾപൊട്ടൽ; അഞ്ചുമരണം, കനത്ത നാശം
text_fieldsമലപ്പുറം: കനത്ത മഴയിൽ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. നിലമ്പൂർ, കാളികാവ്, കരുവാരകുണ്ട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. നിലമ്പൂർ എരുമമുണ്ടയിൽ പട്ടിക ജാതി, വർഗ കോളനിക്ക് സമീപം ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ചെട്ടിയംപാറ കോളനി സ്വദേശി പമ്പാടൻ കുഞ്ഞി, മരുമകൾ ഗീത, മക്കളായ നവനീത് (നാല്), നിവേദ് (മൂന്ന്), ബന്ധു മിഥുൻ (19) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
മണ്ണിനടയിൽപെട്ട ഗീതയുടെ ഭർത്താവ് പറമ്പാടൻ സുബ്രഹ്മണ്യൻ എന്ന കുട്ടന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ചാലിയാർ പഞ്ചായത്തിലാണ് അപകടമുണ്ടായത്. നാട്ടുകാരും പോത്തുകൽ പൊലിസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. മലയിടിഞ്ഞ് വലിയ പാറയും മണ്ണും വീടുകൾക്ക് മേൽ പതിക്കുകയായിരുന്നു. നാലു വീടുകൾ പൂർണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രി 10ഒാടെയാണ് അപകടമുണ്ടായത്. മൂന്നു വീടുകളിലുണ്ടായിരുന്നവർ പുറത്തേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. ഒരു കി.മീറ്ററോളം ദൂരം മണ്ണ് വന്നടിഞ്ഞിരിക്കുകയാണ്.

കോളനിയിലെ അഞ്ചു വീടുകൾ പൂർണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഉരുൾപ്പൊട്ടിയത്. മഴ ശക്തമായതിനാൽ മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. നിലമ്പൂർ ടൗണും പരിസരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കാളികാവ് അടക്കാകുണ്ട്, മാഞ്ചോല, റാവുത്തൻകാട്, പുല്ലേങ്കാട് എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ഇവിടങ്ങളിൽ വൻ കൃഷിനാശമാണുണ്ടായത്. കരുവാരകുണ്ടിൽ കൂമ്പൻമലയുടെ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. പുലർച്ചെ മൂന്നിനാണ് അപകടം. ഏക്കർ കണക്കിന് കൃഷി ഒലിച്ചുപോയി. ഒലിപ്പുഴയുടെ തീരത്ത് വെള്ളം കയറിയതിനാൽ 50 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
ചാലിയാറിൽ ജലനിരപ്പുയർന്നതിനാൽ എടവണ്ണ, വാഴക്കാട്, അരീക്കോട് എന്നിവിടങ്ങളിെലല്ലാം വെള്ളം കയറി. എടവണ്ണയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മമ്പാട്-നിലമ്പൂർ റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. മമ്പാട് എം.ഇ.എസ് കോളജ് വഴിയാണ് വാഹനങ്ങൾ ഇപ്പോൾ പോകുന്നത്. ഇൗ റോഡിലും വെള്ളം കയറികൊണ്ടിരിക്കുകയാണ്.

നിരവധി വീടുകൾ വെള്ളത്തിലാണ്. വാഴക്കാട് വെള്ളം കയറി ഒറ്റപ്പെട്ടു. ഉൗട്ടി-കോഴിക്കോട് റോഡിൽ വാലില്ലാപ്പുഴയിൽ ഗതാഗതം ഭാഗികമായി മുടങ്ങി. നാട്ടുകാർ തോണി സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു വീടുകൾ ഒഴിപ്പിച്ചു. ചീക്കോട് പഞ്ചായത്ത് മാങ്കടവ്, കുനിത്തലക്കടവ് എന്നിവിടങ്ങളിൽ വെള്ളം കയറി കടകൾ ഒഴിപ്പിച്ചു. ജില്ല അതിർത്തിയായ തിരുത്തിയാട്, പൊന്നേമ്പാടം, വാഴയൂർ, മുളപ്പുറം എന്നിവിടങ്ങെളല്ലാം വെള്ളത്തിലാണ്. ഇവിടങ്ങളിൽ ഗതാഗതം മുടങ്ങി. അരീക്കോട് തെരട്ടമ്മൽ അങ്ങാടിയും മൈതാനവുമെല്ലാം വെള്ളത്തനടിയിലാണ്. ചാലിയാറിന് കുറുകെയുള്ള മൂർക്കനാട്-അരീക്കോട് ഇരുമ്പ് നടപ്പാലം നടു മുറിഞ്ഞ് ഒലിച്ചുപോയി. പുലർച്ചെ നാലിനാണ് സംഭവം. രാവിലെ മുതൽ സ്കൂൾ വിദ്യാർഥികൾ അടക്കം നിരവധിയാളുകൾ ഉപയോഗിക്കുന്ന പാലമാണിത്. പൂക്കോട്ടുംപാടത്തും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
