മുന്നണിമാറ്റം: ചർച്ച ക്ഷീണമുണ്ടാക്കിയെന്ന് മാണി വിഭാഗം വിലയിരുത്തൽ
text_fieldsകോട്ടയം: ഇടത് മുന്നണി വിടില്ലെന്ന് പലവട്ടം ആവർത്തിച്ചിട്ടും പാർട്ടിയിൽ ഈ വിഷയത്തിൽ അഭിപ്രായഭിന്നതയുണ്ടായെന്ന രീതിയിൽ പ്രചരിച്ച വാർത്ത കടുത്ത ക്ഷീണമുണ്ടാക്കിയെന്ന് കേരള കോൺഗ്രസ് എം വിലയിരുത്തൽ. ഇതേതുടർന്ന് എം.എൽ.എമാർ ഉൾപ്പെടെ നേതാക്കളുടെ പരസ്യപ്രതികരണത്തിന് ചെയർമാൻ ജോസ് കെ. മാണി വിലക്കേർപ്പെടുത്തി.
മന്ത്രി റോഷി അഗസ്റ്റിന്‍റെ നിലപാടും പരസ്യപ്രതികരണവും പാർട്ടിക്കും തനിക്കും കോട്ടമുണ്ടാക്കിയെന്ന് ജോസ്.കെ. മാണി കരുതുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. റോഷി അഗസ്റ്റിന്‍റെ ശക്തമായ എതിർപ്പ് മൂലമാണ് പാർട്ടി മുന്നണി വിടാത്തതെന്ന നിലയിലാണ് വാർത്ത പ്രചരിച്ചത്. മുന്നണി വിടില്ലെന്ന് പലകുറി ആവർത്തിച്ചിട്ടും അത് ചെവിക്കൊള്ളാതെ ചില കേന്ദ്രങ്ങൾ പടച്ചുവിട്ട വാർത്തകളാണ് പ്രചരിച്ചതെന്നാണ് അടുപ്പമുള്ളവരോട് ജോസ് വ്യക്തമാക്കിയത്.
അത്തരം സാഹചര്യം ഇനിയുണ്ടാകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. ഭിന്നാഭിപ്രായമുണ്ടെങ്കിൽ അത് ഇന്ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാമെന്നും ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.
കെ.എം മാണി പഠന കേന്ദ്രത്തിന് സ്ഥലം അനുവദിച്ച പ്രഖ്യാപനത്തിലും അഭിപ്രായ വ്യത്യാസമുണ്ട്. വർഷങ്ങളായി പാർട്ടി ചെയർമാൻ ഉൾപ്പെടെ ഇത് ആവശ്യപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ ഭൂമി അനുവദിച്ചത് പൊതുജനമധ്യത്തിൽ തങ്ങളെ തെറ്റായി ചിത്രീകരിക്കുമെന്ന് ഒരുവിഭാഗം കരുതുന്നു. നേതൃത്വം മുൻകൈയെടുത്ത് ഭൂമി നേടിയെടുത്തിട്ടും റോഷി അഗസ്റ്റിന്‍റെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് വാർത്ത വന്നതും ജോസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
മുന്നണിമാറ്റം വേണ്ടെന്ന നിലപാടാണ് ജോസ് കെ. മാണി നേരത്തെമുതൽ സ്വീകരിച്ച് പോരുന്നത്. എന്നാൽ അദ്ദേഹത്തെ അധികാരത്തോട് ആർത്തിയുള്ളയാളായി ചിത്രീകരിക്കാൻ ഈ സംഭവങ്ങൾ കാരണമായെന്നും പാർട്ടി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

