വെജ് ബിരിയാണി മുതൽ ലെമൺ റൈസ് വരെ; സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.
സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് മെനു പരിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള മെനു പ്ലാനിങ്ങിൽ മാറ്റം വരുത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിക്ക് പകരമായി മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് കുറിപ്പിൽ പറയുന്നു.
വെറും ഇലക്കറി വർഗങ്ങൾ കറികളായി നൽകുകയാണെങ്കിൽ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗങ്ങൾ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകണം. കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യവും പരിഗണിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ചെറുധാന്യങ്ങളുടെ ഗുണങ്ങൾ മനസ്സിലാക്കി കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ച് മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗി പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിൽ നൽകേണ്ട ഭക്ഷണ വിഭവങ്ങൾ (ദിവസം അടിസ്ഥാനമാക്കി)
- ചോറ്, കാബേജ് തോരൻ, സാമ്പാർ
- ചോറ്, പരിപ്പ് കറി, ചീരത്തോരൻ
- ചോറ്, കടല മസാല, കോവക്ക തോരൻ
- ചോറ്, ഓലൻ, ഏത്തക്ക തോരൻ
- ചോറ്, സോയ കറി, കാരറ്റ് തോരൻ
- ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്റൂട്ട് തോരൻ
- ചോറ്, തീയൽ, ചെറുപയർ തോരൻ
- ചോറ്, എരിശ്ശേരി, മുതിര തോരൻ
- ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
- ചോറ്, സാമ്പാർ, മുട്ട അവിയൽ
- ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുകറി
- ചോറ്, പനീർ കറി, ബീൻസ് തോരൻ
- ചോറ്, ചക്കക്കുരു പുഴുക്ക്, അമരക്ക തോരൻ
- ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
- ചോറ്, വെണ്ടക്ക മപ്പാസ്, കടല മസാല
- ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
- ചോറ് / എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
- ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
- ചോറ്, പരിപ്പ് കുറുമ, അവിയൽ
- ചോറ് / ലെമൺ റൈസ്, കടല മസാല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

