Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുണ്ടിനും കപ്പിനും...

ചുണ്ടിനും കപ്പിനും ഇടയിൽ ഇത്തവണ നഷ്ടമായില്ല, സതീശൻ ഇനി കപ്പിത്താൻ

text_fields
bookmark_border
ചുണ്ടിനും കപ്പിനും ഇടയിൽ ഇത്തവണ നഷ്ടമായില്ല, സതീശൻ ഇനി കപ്പിത്താൻ
cancel

തിരുവനന്തപുരം: ‘ചുണ്ടിനും കപ്പിനും ഇടയിൽ പല സ്ഥാനങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്’ - മുമ്പ് പലപ്പോഴും വി.ഡി സതീശൻ തന്നെ തുറന്നുപറഞ്ഞ ഈ വാക്കുകൾക്ക് ഇനി ചരിത്രത്തിന്റെ മധുരപ്രതികാരം. നാടകീയമായ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട്, ഗ്രൂപ്പ് സമവാക്യങ്ങളെ അപ്രസക്തമാക്കി വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.

കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയതെങ്കിൽ, ഇത്തവണ അത് കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്. രാഷ്ട്രീയ ജീവിതത്തിൽ അർഹതപ്പെട്ട പല സ്ഥാനങ്ങളും അവസാന നിമിഷം കൈവിട്ടുപോയ ചരിത്രമുണ്ട് സതീശന്. എന്നാൽ ആ തിരിച്ചടികളെയെല്ലാം തന്റെ പാർലമെന്ററി മികവ് കൊണ്ടും ജനകീയ പോരാട്ടങ്ങൾ കൊണ്ടും അദ്ദേഹം മറികടന്നു. 11 ദിവസം നീണ്ടുനിന്ന ഹൈക്കമാൻഡ് ചർച്ചകൾക്കൊടുവിലാണ് സതീശനെ തേടി നായകപദവി എത്തുന്നത്.

തെരഞ്ഞെടുപ്പ് വിജയം കൈപ്പിടിയിലൊതുക്കിയെങ്കിലും മുഖ്യമന്ത്രി പദവി ആർക്ക് എന്ന കാര്യത്തിൽ ഗ്രൂപ്പ് സമവാക്യങ്ങളും വടംവലികളും ശക്തമായിരുന്നു. എന്നാൽ, താഴെത്തട്ടിലെ പ്രവർത്തകരുടെ വികാരവും മാറുന്ന കാലത്തിന്റെ രാഷ്ട്രീയവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശനിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. വി.ഡി സതീശൻ.മുഖ്യമന്ത്രിയാകും എന്ന പ്രഖ്യാപനം വന്നതോടെ അണികൾക്കിടയിൽ ആവേശം അണപൊട്ടി.പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം നിയമസഭക്കകത്തും പുറത്തും സതീശൻ നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് എത്തിച്ചത്.

കണക്കുകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിൽ സതീശൻ പുലർത്തിയ മികവ് പാർട്ടിക്ക് വലിയ ഊർജ്ജം നൽകിയിരുന്നു. വിഭാഗീയതകൾക്കപ്പുറം യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഭരണതുടർച്ചയുടെയും വികസന വാഗ്ദാനങ്ങളുടെയും പശ്ചാത്തലത്തിൽ അധികാരമേൽക്കുന്ന വി.ഡി സതീശനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങളാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം പാർട്ടിക്കുള്ളിലെ ഐക്യം നിലനിർത്തി മുന്നോട്ട് പോകുക എന്നതാകും പുതിയ കപ്പിത്താന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

ഡൽഹിയിൽ എ.ഐ.സി.സി നിരീക്ഷകർ നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തിരുവനന്തപുരത്തെത്തി ഔദ്യോഗിക നടപടികൾ പൂർത്തിയാക്കും. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഇനി സതീശൻ കരുത്തുപകരുമെന്ന പ്രതീക്ഷയിലാണ് അണികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CMVD SatheesanCongress
News Summary - From 'Cup And Lip' Loss to Captain: VD Satheesan Becomes Kerala CM
Next Story