ഗോഡൗണിൽ ക്രൂരബലാത്സംഗം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ട് യുവതി; സുഹൃത്ത് പിടിയിൽ
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): യുവതിയെ ആളൊഴിഞ്ഞ ഗോഡൗണിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട പീഡനത്തിനിടെ വിവസ്ത്രയായി ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കിരണുമായി നേരത്തെ പരിചയമുള്ള യുവതി ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആൺസുഹൃത്തുമായി ടെക്നോപാർക്കിനുസമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി. ഇതറിഞ്ഞ കിരൺ അവിടെയെത്തി മർദിച്ചതിന് ശേഷം യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരൺ പറഞ്ഞു. തുടർന്ന് ബൈക്കിൽ കയറിയ യുവതിയെ മേനംകുളത്ത് എത്തിച്ച് മർദിച്ചു.
രാത്രി ഒന്നരയോടെ വെട്ടുറോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിലെത്തിച്ചു. ഇവിടെ വെച്ച് ഞായറാഴ്ച പുലർച്ച അഞ്ച് മണി വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മർദനവും പീഡനവും കിരൺ തന്നെ മൊബൈലിൽ ചിത്രീകരിച്ചു. രാവിലെ അവിടെ നിന്ന് വിവസ്ത്രയായി ഓടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയൽവാസിയാണ് വസ്ത്രം നൽകിയതും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്.
പൊലീസ് എത്തി കിരണിനെ കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അജിത് കുമാർ, എസ്.ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

