നെഞ്ചുലഞ്ഞ് നാട്; അനന്തുവിനെ അവസാനമായി കാണാൻ ആയിരങ്ങൾ, വിതുമ്പലടക്കാനാവാതെ സഹപാഠികൾ
text_fieldsനിലമ്പൂർ: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർഥി അനന്തുവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നാടൊന്നാകെ വിങ്ങിപ്പൊട്ടി. സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് വെച്ചപ്പോൾ അനന്തുവിനെ അവസാനമായി കാണാൻ ആയിരങ്ങളെത്തി. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വേദന കണ്ടുനിന്നവരുടെയും മിഴികളെ നനയിച്ചു.
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്‍റെ സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേരാണ് ഒരു നോക്കുകാണാനായി സ്കൂളിലെത്തിയത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
മിടുക്കനും ഊർജ്ജസ്വലനുമായിരുന്ന അനന്തുവിനെ കുറിച്ച് കണ്ണീരോടെയാണ് അധ്യാപകർ പറഞ്ഞത്. സ്കൂളിലെ മിടുക്കനായ കുട്ടിയായിരുന്നു അനന്തു. പത്താം ക്ലാസിലെ സ്കൂളിന്‍റെ പ്രതീക്ഷയായിരുന്നു. അധ്യാപകരോടും കൂട്ടുകാരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകർ പറഞ്ഞു. നന്നായി പാട്ടുപാടുകയും സ്കൂളിലെ കലാപരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാർഥ്യം കൂട്ടുകാർക്ക് ഉൾക്കൊള്ളാനാവുന്നില്ല.
ഇന്നലെ രാത്രിയാണ് വഴിക്കടവ് വെള്ളക്കട്ടയിൽ കൂട്ടുകാരോടൊപ്പം മീൻ പിടിക്കാൻ പോയ അനന്തു പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

