കണ്ണൂർ : പാലത്തായി പോക്സോ കേസ് : ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുകയെന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കുട്ടികളുടെ സമര വീട് സംഘടിപ്പിച്ചു. പാലത്തായിയിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ചിന് ഇത് വരെ കേസ് ചാർജ് ഷീറ്റ് നൽകാൻ സാധിച്ചില്ലയെന്നത് അത്യന്തം നിർഭാഗ്യകരമാണെന്ന് സമര വീടുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡൻറ് ജവാദ് അമീർ ആരോപിച്ചു.
പാലത്തായിയെ മറ്റൊരു വാളയാറാവാൻ അനുവദിക്കില്ലയെന്നും പോക്സോ കേസ് ചുമത്തി കൂട്ട് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങളെ കാറ്റിൽപ്പറത്തി കൊണ്ടുള്ള ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ ശക്തമായ സമരങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
പാലത്തായി കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ചെറുക്കണമെന്നും പാലത്തായി പെൺകുട്ടിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തണമെന്നും ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആരിഫാ മെഹബൂബ് പ്രസ്താവിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നടന്ന സമര വീടുകൾക്ക് ജില്ലാ നേതാക്കളായ ശബീർ എടക്കാട്, ഡോ: മിസ്ഹബ് ഇരിക്കൂർ , അഞ്ജു ആന്റണി, മുഹ്സിൻ ഇരിക്കൂർ, അർഷാദ് ഉളിയിൽ, മശ്ഹൂദ് കെ.പി, ശഹ്സാന സി.കെ, സഫൂറ നദീർ , റമീസ് നരയംമ്പാറ, ശബീർ ഇരിക്കൂർ, ശരീഫ് കടവത്തൂർ എന്നിവർ നേതൃത്വം നൽകി.