ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സെക്രട്ടറി മുങ്ങി മരിച്ചു
text_fieldsതൊടുപുഴ: ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇടുക്കി ജില്ല സെക്രട്ടറിയും മുട്ടം പോളിടെക്നിക് മൂന്നാംവർഷ കമ്പ്യൂട്ടർ ഡിപ്ലോമ വിദ്യാർഥിയുമായ ഉടുമ്പന്നൂർ പെരുമ്പിള്ളിൽ റിയാസിെൻറ മകൻ ആസിഫ് റിയാസ് (21) കാഞ്ഞാർ പുഴയിൽ മുങ്ങി മരിച്ചു.
കാഞ്ഞാർ ഇസ്ലാമിക് സെൻററിൽ നടന്നുവരുന്ന എസ്.ഐ.ഒ ദക്ഷിണ മേഖല ലീഡേഴ്സ് ക്യാമ്പിനെത്തിയ ആസിഫ്, ഞായറാഴ്ച രാവിലെ മറ്റ് പ്രവർത്തകർക്കൊപ്പം കുളിക്കുന്നതിനിടെ കാൽവഴുതി കയത്തിൽപെടുകയായിരുന്നു.
65ഓളം ക്യാമ്പ് അംഗങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് ആസിഫ് അടക്കമുള്ളവരായിരുന്നു. ഒരോ സംഘങ്ങളായി കുളിക്കാനിറക്കിയവരെ സുരക്ഷിതമായി പറഞ്ഞയച്ച ശേഷമാണ് ആസിഫും മറ്റ് ഏഴുപേരും കുളിക്കാനിറങ്ങിയത്. രാവിലെ എേട്ടാടെയാണ് അപകടം. പ്രദേശത്ത് പുഴ രണ്ട് തട്ടുകളായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 മീറ്റർ ദൂരത്തിൽ മുട്ടിനൊപ്പം മാത്രമെ വെള്ളമുള്ളു. ശേഷിച്ച ഭാഗം പഴയപുഴ സ്ഥിതിചെയ്യുന്ന പ്രദേശമാണ്. ഇവിടം 20 അടിയോളം ആഴമുണ്ട്.
ആഴമുള്ള ഭാഗത്തേക്ക് ആസിഫ് വഴുതിവീണതാണ് അപകടം സംഭവിക്കാൻ കാരണം. ആസിഫിനൊപ്പം കുളിക്കാനിറങ്ങിയ മറ്റുള്ളവർ ഒച്ചവെച്ചതിനെ തുടർന്ന് നാട്ടുകാരിൽ ചിലരും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരും മുങ്ങിത്തപ്പിയെങ്കിലും ആഴക്കൂടുതൽ മൂലം ആസിഫിനെ കണ്ടെത്താനായില്ല.
അതിനിടെ ഫയർേഫാഴ്സിലും വിവരമറിയിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ അസീസാണ് കയത്തിൽ നിന്ന് ആസിഫിന്നെ കരക്ക് എത്തിച്ചത്. ഉടൻ പ്രാഥമിക ചികിത്സ നൽകി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എസ്.ഐ.ഒ മുൻ ജില്ല സെക്രട്ടറിയും മുട്ടം പോളിടെക്നിക് കോളജിലെ സജീവ പ്രവർത്തകനുമാണ് ആസിഫ്. ജേഷ്ഠൻ അമീൻ റിയാസ് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയാണ്. മാതാവ്: റംല. മൃതദേഹം വൈകീട്ട് അഞ്ചിന് ഉടുമ്പന്നൂർ മുഹിയുദ്ദീൻ ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
