'വിമർശകരേ, ഫ്രഷ് കട്ടിന്റെ 100 മീറ്റർ പരിസരത്ത് 30മിനിറ്റ് മാസ്കില്ലാതെ നിൽക്കാൻ കഴിയുമോ..?, ഈ മനുഷ്യരുടെ കണ്ണുനീരിൽ നിങ്ങൾ നീറിപ്പുകയുന്ന ഒരു കാലത്തിനായി കാത്തിരുന്നോളൂ..'; താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
text_fieldsതാമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം അക്രമിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരെ വിമർശിക്കുന്നവർക്ക് മറുപടിയുമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സൗദ ബീവി.
'വിമർശിക്കുന്നവരോടും, കുറ്റപ്പെടുത്തുന്നവരോടും... : ഫ്രഷ് കട്ടിലേക്ക് നിങ്ങൾ പോയി കാര്യങ്ങൾ മനസിലാക്കണമെന്ന സാഹസത്തിനു മുതിരണമെന്ന് പറയുന്നില്ല. എങ്കിലും അതിന്റെ ഒരു 100 മീറ്റർ ദൂരെ, അര മണിക്കൂർ മാസ്കില്ലാതെ നിൽക്കാൻ നിങ്ങൾക്ക് കഴിയുമോ? മൂക്കിന്റെ പാലം പൊളിഞ്ഞു പോകുന്ന പാകത്തിൽ രൂക്ഷ ഗന്ധം നിങ്ങളുടെ മൂക്കിലേക്ക് തുളച്ചു കയറി നിങ്ങൾ തിരിഞ്ഞോടുമെന്ന് ഞാൻ ആണയിടുന്നു.'- സൗദ ബീവി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോഴി വേസ്റ്റിനേക്കാൾ മാലിന്യം പേറുന്ന മനുഷ്യ രൂപം കൊണ്ട ചില പിശാചുക്കളുടെ ലാഭക്കൊതിയുടെ ഇരകളുടെ ദീന രോദനം മനസ്സിൽ നിന്നും മായുന്നേയില്ലെന്ന് സൗദ പറയുന്നു.
അശാന്തിയുടെയും, അനീതിയുടെയും ദുർഗന്ധത്തിനു മേൽ നീതിയുടെയും ശാന്തിയുടെയും പേമാരി വർഷിക്കുക തന്നെ ചെയ്യുമെന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സൗദ ബീവി പറഞ്ഞു.
എം.കെ. സൗദ ബീവി ഫേസ്ബുക്ക് പോസ്റ്റ്
"അശാന്തിയുടെയും, അനീതിയുടെയും ദുർഗന്ധത്തിനു മേൽ നീതിയുടെയും ശാന്തിയുടെയും പേമാരി വർഷിക്കുക തന്നെ ചെയ്യും.
ഇന്നലെ വൈകീട്ട് (21.10.2025 ന് ) അഞ്ച് മണിയോടു കൂടി സഹമെമ്പറായ ഷംസിദ ഷാഫിക്ക് പരിക്കേറ്റെന്ന വിവരമറിഞ്ഞാണ് താമരശ്ശേരി താലൂക്കാശുപത്രിയിലേക്ക് എത്തിയത്. പിഞ്ചു കുട്ടികളുൾപ്പെടെയുള്ള മനുഷ്യരെ തല്ലിച്ചതച്ചും, ശ്വാസം മുട്ടിച്ചും, അതി ഭീകരമാം വിധം മനുഷ്യ മൃഗങ്ങൾ താണ്ഡവമാടിയതിന്റെ നേർക്കാഴ്ചയാണ് അവിടെ കാണാൻ കഴിഞ്ഞത്. തലപൊട്ടി ചോരയൊഴുകുന്നവർ, ലാത്തിയടി കൊണ്ട് മൃതപ്രായരായവർ, വേച്ചു വേച്ചു നടക്കുന്ന മനുഷ്യക്കോലങ്ങൾ....
കോഴി വേസ്റ്റിനേക്കാൾ മാലിന്യം പേറുന്ന മനുഷ്യ രൂപം കൊണ്ട ചില പിശാചുക്കളുടെ ലാഭക്കൊതിയുടെ ഇരകളുടെ ദീന രോദനം മനസ്സിൽ നിന്നും മായുന്നേയില്ല.
മതിയായ ചികിത്സ തേടാൻ പോലും സമ്മതിക്കാതെയാണ് പോലീസ് വട്ടമിട്ടു പറന്നത്, ഇപ്പോഴും വല വിരിച്ചു നടക്കുന്നത്.
ഫ്രഷ് കട്ട് എന്ന മാലിന്യ കമ്പനിയുടെ ഉടമകളെ..., കട്ടിപ്പാറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നിങ്ങൾ എത്ര ദൂരം പൈപ്പിട്ടും കുഴിയെടുത്തും കിലോമീറ്റർ അകലെ താമരശ്ശേരി പഞ്ചായത്തിലേക്ക് മലത്തേക്കാൾ നാറുന്ന മലിന ജലം ഒഴുക്കി വിട്ടു എന്നറിയാവുന്നതല്ലേ? അതിന് പതിനായിരക്കണക്കിന് പിഴ നിങ്ങൾ താമരശ്ശേരി പഞ്ചായത്ത് ഓഫിസിൽ ഒടുക്കിയതല്ലേ? അല്ലെങ്കിലും മാലിന്യം അങ്ങനെയാണ്. അത് ഒതുക്കി നിർത്താൻ ആവില്ല. അത് കോഴി മാലിന്യം ആയാലും, മനസിലെ മാലിന്യം ആയാലും.... ഈ പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീരിൽ നിങ്ങൾ നീറിപ്പുകയുന്ന ഒരു കാലത്തിനായി കാത്തിരുന്നോളൂ...!
വിമർശിക്കുന്നവരോടും, കുറ്റപ്പെടുത്തുന്നവരോടും... : ഫ്രഷ് കട്ടിലേക്ക് നിങ്ങൾ പോയി കാര്യങ്ങൾ മനസിലാക്കണമെന്ന സാഹസത്തിനു മുതിരണമെന്ന് പറയുന്നില്ല. എങ്കിലും അതിന്റെ ഒരു 100 മീറ്റർ ദൂരെ, അര മണിക്കൂർ മാസ്കില്ലാതെ നിൽക്കാൻ നിങ്ങൾക്ക് കഴിയുമോ? മൂക്കിന്റെ പാലം പൊളിഞ്ഞു പോകുന്ന പാകത്തിൽ രൂക്ഷ ഗന്ധം നിങ്ങളുടെ മൂക്കിലേക്ക് തുളച്ചു കയറി നിങ്ങൾ തിരിഞ്ഞോടുമെന്ന് ഞാൻ ആണയിടുന്നു.
കാണാമറയെത്തെങ്ങോ ഒളിവിൽ കഴിയുന്ന പ്രിയപ്പെട്ടവരോട്... : മനുഷ്യ മാലാഖമാരായ നിങ്ങൾ ചിന്തിയ രക്തത്തിനും, ഏറ്റു വാങ്ങിയ വേദനക്കും നാളെ ഫലമുണ്ടാകാതിരിക്കില്ല. ജീവനോളം വിലയുള്ള നിങ്ങളുടെ ചെറുത്തു നിൽപ്പിന് കാലം പ്രതിഫലം തരാതെ പോകില്ല. പ്രതീക്ഷയുടെ പൊൻ കിരണം തൂകുന്ന, പൂക്കളുടെ സൗരഭ്യം നിറഞ്ഞ പുലരി നിങ്ങളിൽ വന്നു ചേരും. അതിനായി നമുക്ക് കാത്തിരിക്കാം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

