‘എൻ.എസ്.എസിനെ മക്കൾ സർവിസ് സൊസൈറ്റിയാക്കുന്നു’; സുകുമാരൻ നായർക്കെതിരെ വീണ്ടും ഗണേഷ് കുമാർ
text_fieldsകട്ടപ്പന: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഹൈറേഞ്ച് എൻ.എൻ.എസ് യൂനിയൻ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “ഭീരുവിന്റെയും ദുഷ്ടന്റെയും കൈയിൽനിന്ന് എൻ.എസ്.എസിനെ മോചിപ്പിക്കണം. മുസ്ലിം സമുദായത്തോട് വലിയ സ്നേഹമാണെന്ന് പറയുന്നവർ ഒരു മുസ്ലിം പണ്ഡിതനെയോ ഉസ്താദിനെയോ ചങ്ങനാശ്ശേരിയിൽ എൻ.എസ്.എസ് നടത്തിയ പരിപാടിയിൽ പങ്കെടുപ്പിച്ചിട്ടില്ല. ചങ്ങനാശേരിയിൽ ഒരുകാലത്ത് ചന്ദനക്കുടം ഘോഷയാത്രയെ മന്നത്ത് പത്മനാഭൻ സ്വീകരിച്ചിരുന്ന പാരമ്പര്യമുണ്ടായിരുന്നു. പിന്നീട് അത് അവസാനിച്ചു.
മുസ്ലിം ലീഗ് മന്ത്രിയെ പൊന്നാട അണിയിച്ച സെക്രട്ടറി എൻ.എൻ.എസിന്റെ ഒരു പൊതുപരിപാടിയിലും മുസ്ലിം പണ്ഡിതരെ ക്ഷണിക്കാത്തത് വിരോധഭാസമാണ്. ബന്ധുവിന്റെ ജോലിക്കാര്യം മുൻനിർത്തിയാണ് മന്ത്രിയെ പൊന്നാട അണിയിച്ചത്. അല്ലാതെ മുസ്ലിം സമുദായത്തോടുള്ള സ്നേഹം കൊണ്ടല്ല. പ്രഫസർ ആകാൻ യോഗ്യതയില്ലാത്ത സുകുമാരൻ നായരുടെ മകളാണ് എൻ.എസ്.എസ് കോളജുകൾ ഭരിക്കുന്നത്. ധനലക്ഷ്മി ബാങ്കിലെ ജോലിയിൽനിന്ന് ബന്ധുവിനെ മാറ്റിനിർത്തിയതോടെ അവിടുത്തെ നിക്ഷേപങ്ങൾ പിൻവലിക്കാൻ കരയോഗങ്ങൾക്ക് നിർദേശം നൽകി. പ്രമേയം പാസാക്കി തന്നെ പേടിപ്പിക്കാൻ നോക്കേണ്ട. ഒരു ശിപാർശക്ക് വേണ്ടിയും സുകുമാരൻ നായരെ സമീപിച്ചിട്ടില്ല. എൻ.എസ്.എസ് വിട്ട് ആരും പോകരുത്. അകത്തുനിന്ന് പോരാടണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

