Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിക്കടി തകരാർ:...

അടിക്കടി തകരാർ: മൂലമറ്റത്ത് ചോരുന്നത് കോടികൾ

text_fields
bookmark_border
അടിക്കടി തകരാർ: മൂലമറ്റത്ത് ചോരുന്നത് കോടികൾ
cancel

ചെറുതോണി: മൂലമറ്റം പവർഹൗസിൽ അടിക്കടിയുണ്ടാകുന്ന തകരാറുകൾ കാരണം വൈദ്യുതി ബോർഡിനുണ്ടാകുന്നത് കോടികളുടെ നഷ്ടം. കഴിഞ്ഞദിവസം ഒന്നാം നമ്പർ ജനറേറ്ററിന് തീപിടിത്തമുണ്ടായി. ഇത് പരിഹരിക്കാൻ രണ്ടുമാസം സമയവും കോടികൾ ചെലവും വരുമെന്നാണ് കണക്കാക്കുന്നത്. കാനഡയിൽ പോയി പരിശീലനം നേടിയ വിദഗ്ധ എൻജിനീയർമാരുടെ മേൽനോട്ടത്തിലായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, അവർ വിരമിച്ചശേഷം തകരാറുകൾ പരിഹരിക്കാൻ പുറത്തുനിന്ന് വൻതുകക്ക് വിദഗ്ധരെ എത്തിക്കുകയാണ് പതിവ്. പവർഹൗസിലേക്കുള്ള പ്രഷർ ഷാഫ്റ്റ്, ബട്ടർ ഫ്ലൈ വർവ് ചേംബർ, സ്പെറിക്കൽ വാൽവ്, കുളമാവിലെ ഇൻടേക് ഗേറ്റ്, ജനറേറ്ററുകൾ എന്നിവിടങ്ങളിലായി ചെറുതും വലുതുമായ 60ലധികം പൊട്ടിത്തെറികൾ ഇതുവരെ മൂലമറ്റം പവർഹൗസിൽ ഉണ്ടായിട്ടുണ്ട്.

1986 ഫെബ്രുവരി 16നാണ് ആദ്യമായി പവർ ഹൗസിൽ തീപിടിത്തമുണ്ടായത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആറാം നമ്പർ ജനറേറ്റർ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഈസമയം നൂറോളം ജീവനക്കാരും സന്ദർശകരായ മുന്നൂറോളം വിദ്യാർഥികളും പവർഹൗസിലുണ്ടായിരുന്നു. ഇവരിൽ പലരും വിഷപ്പുകയേറ്റ് ബോധരഹിതരായി വീണു. 1992 ഒക്ടോബർ 22 ന് സ്വിച്ച് യാർഡിലേക്കുള്ള ഇൻസ്ട്രുമെൻറ് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധയുണ്ടായി. 2002 മേയ് മൂന്നിന് ഒരു ജനറേറ്ററിന്‍റെ ട്രാൻസ്ഫോർമർ കത്തിനശിച്ചതിനെത്തുടർന്ന് ആറ് ജനറേറ്ററുകളുടെ പ്രവർത്തനമാണ് നിലച്ചത്.

2003 ആഗസ്റ്റ് 20ന് പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്ന പ്രഷർഷാഫ്റ്റിന്‍റെ സ്‌പെറിക്കൽ വാൽവിന് തകരാറുണ്ടായി ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം വീണ്ടും നിലച്ചു. 2005 സെപ്റ്റംബർ അഞ്ചിന് പവർഹൗസിനോടനുബന്ധിച്ച സ്വിച്ച് യാർഡിൽ പൊട്ടിത്തെറിയുണ്ടായി ട്രാൻസ്ഫോർമർ കത്തിനശിച്ചു. 2005ൽ പവർഹൗസിലെ എയർ കണ്ടീഷണർ തകരാറിലായതിനെത്തുടർന്ന് ടർബൈൻ വാട്ടർ കണ്ടക്ടർ ഗവേണിങ് ട്രാൻസ്ഫോർമർ, ജനറേറ്റർ, ഹൗസ് കീപ്പിങ് എക്സിറ്റ് തുടങ്ങി ഏഴ് സെക്ഷനുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലായി. 2011 ജൂൺ 20ന് അഞ്ചാം നമ്പർ ജനറേറ്ററിന്‍റെ കൺട്രോൾ പാനൽ പൊട്ടിത്തെറിച്ച് അസി. എൻജിനീയർ മെറിൻ ഐസക്, സബ് എൻജിനീയർ കെ.എസ്. പ്രഭ എന്നിവർ മരണപ്പെട്ടത് മൂലമറ്റത്തിന്‍റെ ഞെട്ടിക്കുന്ന ചരിത്രമാണ്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റിങ്ങിന് നടപടി സ്വീകരിക്കുകയും ഒരു എക്സി. എൻജിനീയറുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഓക്സിജൻ മാസ്ക്, ഫയർ ജാക്കറ്റ് എന്നീ സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. ജീവനക്കാരുടെ ഡ്യൂട്ടി സമയം ആറുമണിക്കൂറായി കുറച്ചത് അതിനുശേഷമാണ്.

പവർഹൗസിലെ യന്ത്രസാമഗ്രികൾ രൂപകൽപന ചെയ്തത് കനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയാണ്. 463 അടി ഉയരമുള്ള നാടുകാണിമലയിൽനിന്ന് ആരംഭിക്കുന്ന 1996 അടി നീളമുള്ള ടണലിലൂടെ കടത്തിവിടുന്ന വെള്ളം രണ്ട് പ്രഷർ ഷാഫ്റ്റുകളിലൂടെയാണ് വൈദ്യുതി നിലയത്തിലെത്തിക്കുന്നത്. പവർഹൗസിലെ ജനറേറ്ററുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇതിനുള്ളിൽ സ്ഥാപിച്ച 220 സിംഗിൾ ഫേസ് ജനറേറ്റർ ട്രാൻസ്ഫോർമറുകളിൽ ശേഖരിക്കുകയും അവിടെ നിന്ന് സ്വിച്ച് യാർഡിലേക്ക് ഭൂഗർഭ കേബിൾ വഴി കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. ഇതിനായി ഓയിൽനിറച്ച പ്രത്യേകതരം കോപ്പർ കേബിളാണ് ഉപയോഗിച്ചിരിക്കുന്നത്. വൈദ്യുതിനിലയത്തിൽനിന്ന് 1400 അടി അകലെയാണ് സ്വിച്ച് യാർഡ് സ്ഥിതി ചെയ്യുന്നത്. 130 മെഗാവാട്ട് വീതമുള്ള ആറ് ജനറേറ്ററുകൾ ഇവിടെയുണ്ട്. 780 മെഗാവാട്ടാണ് മൊത്തം ഉൽപാദനശേഷി.

1976 ഫെബ്രുവരി 13ന് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയാണ് കുതിരലാടത്തിന്‍റെ ആകൃതിയിൽ കരിങ്കല്ലിൽ തീർത്ത ഭൂഗർഭ നിലയം രാഷ്ട്രത്തിന് സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki power station
News Summary - Frequent breakdowns: Crores are leaking in idukki power station
Next Story