Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോരാട്ട ഭൂമിയിൽ...

പോരാട്ട ഭൂമിയിൽ പൂക്കുന്ന സ്വാതന്ത്ര്യപ്പൂമരങ്ങൾ

text_fields
bookmark_border
പോരാട്ട ഭൂമിയിൽ പൂക്കുന്ന സ്വാതന്ത്ര്യപ്പൂമരങ്ങൾ
cancel
camera_alt

ബ്രി​ട്ടീ​ഷ് സൈ​ന്യം ത​മ്പ​ടി​ച്ചി​രു​ന്ന താ​ത്തൂ​ർ മ​ട​ത്തും​പാ​റ പ്ര​ദേ​ശം

എടവണ്ണപ്പാറ: അധിനിവേശ ബ്രിട്ടീഷ് ഭരണത്തിനെതിരെ 1921ൽ നടന്ന ഐതിഹാസിക സായുധ സമരവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ സ്ഥാനംപിടിച്ച സ്ഥലമാണ് വാഴക്കാട് പഞ്ചായത്തിലെ ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന കൊന്നാര് പ്രദേശം. പുഴക്ക് അഭിമുഖമായി കിടക്കുന്ന ചരിത്രപ്രസിദ്ധമായ കൊന്നാര് മുഹ്യിദ്ദീൻ മുന്നാരം പള്ളി ഇന്നും ചരിത്ര സാക്ഷിയായി ഇവിടെ കാണാം. 1521ൽ പഴയ സോവിയറ്റ് റഷ്യയിലെ ബുഖാറയിൽ നിന്ന് ഇസ്ലാമിക മത പ്രബോധനത്തിന് കേരളക്കരയിലെത്തിയ സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിയുടെ പിന്മുറക്കാരാണ് കൊന്നാര് തങ്ങന്മാർ.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി, ചെമ്പ്രശ്ശേരി തങ്ങൾ, ആലി മുസ്ലിയാർ എന്നിവരെപ്പോലെ അതേകാലഘട്ടത്തിൽ കൊന്നാര് പ്രദേശം കേന്ദ്രമാക്കി സയ്യിദ് മുഹമ്മദ് കോയ ബുഖാരിയും ഖിലാഫത്ത് ഭരണത്തിന് നേതൃത്വം നൽകി.വാഴക്കാട് ഉൾപ്പെടുന്ന കരുമരക്കാട് ദേശം, ചെറുവായൂർ, മാവൂർ, താത്തൂർ, പൂളക്കോട്, വടക്കുംമുറി എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ടതായിരുന്നു ഇദ്ദേഹത്തിന്‍റെ ഭരണത്തിൻ കീഴിലുള്ള പ്രദേശം. കൊന്നാര് ഖിലാഫത്ത് രാജിൽ മാതൃകാ ഭരണമായിരുന്നു സയ്യിദ് മുഹമ്മദ് കോയ ബുഖാരി കാഴ്ചവെച്ചത്. തങ്ങളുടെ ഭരണ കേന്ദ്രങ്ങളെ അവഗണിച്ച് ഖിലാഫത്ത് കോടതിയും സ്വന്തമായി സർക്കാർ സംവിധാനങ്ങളും നടപ്പാക്കിയ സയ്യിദ് മുഹമ്മദ് കോയയെ പിടിച്ചുകെട്ടാൻ തന്നെയായിരുന്നു ബ്രിട്ടീഷ് തീരുമാനം.

കൊന്നാര് ഖിലാഫത്ത് രാജിന്‍റെ അതിർത്തി പ്രദേശമായ പൂളക്കോട് കുറുമ്മര മലയിൽ ബ്രിട്ടീഷ് സൈന്യം തമ്പടിച്ചു. വിവരമറിഞ്ഞ കൊന്നാര് തങ്ങൾ രണ്ടായിരത്തോളം വരുന്ന തന്‍റെ സൈന്യവുമായി പൂളക്കോട് മലയെ ലക്ഷ്യമാക്കി നീങ്ങി. 1921 ഒക്ടോബർ 10ന് അർധരാത്രി അവർ ബ്രിട്ടീഷ് സൈനിക ക്യാമ്പ് ആക്രമിച്ചു. ഇരു ഭാഗത്തും ആൾ നാശമുണ്ടായെങ്കിലും അപ്രതീക്ഷിതമായ ഈ ആക്രമണം ബ്രിട്ടീഷ് മേധാവികളെ കൂടുതൽ രോഷാകുലരാക്കി. ബ്രിട്ടീഷ് പട്ടാളം അടുത്ത കൊന്നാര് പള്ളി ലക്ഷ്യമാക്കി നീങ്ങി. പള്ളിക്ക് മറുകരയിലുള്ള (ഇന്നത്തെ കൂളിമാട് പി.എച്ച്.ഡി പമ്പ്ഹൗസിന് സമീപമുള്ള) മടത്തുംപാറയിലെ വിശാലമായ പാറപ്പുറത്ത് തമ്പടിച്ചു.

പുഴക്ക് ഇക്കരെ കൊന്നാര് പള്ളിയിൽ ഇതേ സമയം മാപ്പിള സൈനികർക്ക് സൈനിക ക്യാപ്റ്റൻ പഴനിക്ക മുഹമ്മദ് മുസ്ലിയാർ ക്ലാസ് എടുക്കുകയായിരുന്നു. സൈനികരിൽ ഒരാൾ പുറത്തേക്ക് തുപ്പാനായി ജനൽ പാളി തുറന്ന് തല പുറത്തേക്കിട്ടത് അക്കരെ പാറപ്പുറത്തിരുന്ന് രംഗം വീക്ഷിക്കുകയായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്‍റെ ശ്രദ്ധയിൽ പെട്ടു.

പിന്നീട് ബ്രിട്ടീഷ് പട്ടാളം കൊന്നാര് പള്ളിക്ക് നേരെ തുരുതുരാ നിറയൊഴിച്ചു. പള്ളിപ്പറമ്പിൽ നിർമിച്ച കിടങ്ങുകളിൽ നിലയുറപ്പിച്ച കൊന്നാര് സൈന്യം തിരിച്ചും ആക്രമണം നടത്തി. പലപ്പോഴായി ബ്രിട്ടീഷുകാരുമായ ഏറ്റുമുട്ടലിൽ ലഭിച്ച ഏതാനും തോക്കുകൾ മാത്രമായിരുന്നു തങ്ങളുടെ സൈനികരുടെ വശം ഉണ്ടായിരുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ പള്ളി നിശ്ശേഷം തകർന്നു തരിപ്പണമായി. വെടിവെപ്പിൽ ടീം ക്യാപ്റ്റൻ മുഹമ്മദ് മുസ്ലിയാരും അബ്ദുറഹ്മാൻ എന്ന് പേരുള്ള മറ്റൊരാളും തൽക്ഷണം കൊല്ലപ്പെട്ടു.

ബ്രിട്ടീഷ് സൈന്യം പുഴ കടന്ന് ഇക്കരെയെത്തി. കൊന്നാര് സൈന്യം ചിതറി പല ഭാഗത്തായി ഒളിച്ചു. ബ്രിട്ടീഷ് പട്ടാളം വീടുവീടാന്തരം കയറിയിറങ്ങി നിരവധി പേരെ ബന്ദികളാക്കി. പള്ളികളിൽ കയറി വിശുദ്ധ ഗ്രന്ഥത്തിന്‍റെ പ്രതികൾ നശിപ്പിച്ചു. അടച്ചിട്ട വീടുകൾ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടിത്തുറന്നു. എന്നിട്ടും തുറക്കാത്ത വാതിലുകൾ വാൾ ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയായിരുന്നു.

ഏറെസമയം നീണ്ടുനിന്ന പട്ടാള നരനായാട്ടിനൊടുവിൽ കൊന്നാര് ഖിലാഫത്ത് രാജ് മേധാവിയും ചെറുത്തുനിൽപിന് നേതൃത്വം കൊടുത്ത ആളുമായ സയ്യിദ് മുഹമ്മദ് കോയ ബുഖാരിയെ പിടികൂടി. പട്ടാളക്കോടതി വിചാരണ പൂർത്തിയാക്കി 1922 സെപ്റ്റംബർ 6ന് തൂക്കിലേറ്റി. ഇദ്ദേഹത്തിന്‍റെ അനുജൻ സയ്യിദ് ഇമ്പിച്ചിക്കോയ ബുഖാരിയെ പിടികൂടി അന്തമാൻ ദ്വീപിലേക്ക് നാടുകടത്തുകയും ചെയ്തു.

ബ്രിട്ടീഷ് സൈന്യത്തിന്‍റെ വെടിയേറ്റ പഴയ പള്ളി 1985ൽ പുനർ നിർമാണത്തിന് വേണ്ടി പൊളിച്ചപ്പോൾ സമരക്കാലത്ത് പട്ടാളം തൊടുത്തുവിട്ട അനേകം ബുള്ളറ്റുകൾ പള്ളികളുടെ ഭിത്തികളിൽ നിന്നും കണ്ടെത്തുകയുണ്ടായി. കൊന്നാരിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് സാക്ഷ്യം വഹിച്ച കൊന്നാര് മുഹ്‌യിദ്ദീൻ മുന്നാരം മസ്ജിദ് പള്ളി ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണെങ്കിലും തൽസ്ഥാനത്ത് പുതുക്കിപ്പണിത പള്ളിയുടെ മുൻഭാഗത്തെ വാതിലിൽ ബ്രിട്ടീഷ് ബുള്ളറ്റ് ഇപ്പോഴുമുണ്ട്.

രാജ്യമെങ്ങും 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇങ്ങിവിടെ ചാലിയാർ തീരത്ത് പോരാട്ട സ്മരണകൾ അയവിറക്കി ഒരു പള്ളിയും അനുബന്ധമായി കിടക്കുന്ന ശേഷിപ്പുകളും ചരിത്രകഥനം നടത്തുകയാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി വിപ്ലവം നയിച്ച ദേശസ്നേഹികളും അവരെ നിഷ്കരുണം കശാപ്പ് ചെയ്ത ബ്രിട്ടീഷ് പട്ടാളവും ഈ കഥയിലെ കഥാപാത്രങ്ങളായി രംഗത്ത് വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ ഇങ്ങേ അറ്റത്ത് ചാലിയാർ തീരത്ത് സ്ഥിതിചെയ്യുന്ന കൊന്നാര് ദേശവും മുഹ്യിദ്ദീൻ മുന്നാരം മസ്ജിദും അങ്ങനെയാണ് ചരിത്രത്തിൽ ഇടംപിടിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence DayBest of Bharat
News Summary - Freedom trees bloom in the land of struggle
Next Story