ഫ്രീഡം ഫ്രം സിൽവർ ലൈൻ: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
text_fieldsകോട്ടയം: കെ.റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, സമരം ചെയ്തവർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ദിനത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഫ്രീഡം ഫ്രം സിൽവർ ലൈൻ പ്രതിഷേധ സമരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് നിർവഹിച്ചു.76 വർഷം മുമ്പ് ഇന്ത്യയെ ചൂഷണം ചെയ്ത് നാടിനെ തകർത്തത് ബ്രിട്ടീഷ് കോളോണിയൽ ഭരണമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ തെരഞ്ഞെടുത്തവർ തന്നെ ഭരണത്തിലേറി നമ്മുടെ നാടിനെ ചൂഷണം ചെയ്യാനും ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്ത് അവരെ തെരുവാധാരമാക്കാനും പദ്ധതി തയ്യാറാക്കുന്നു എന്നത് കെ.റെ യിലിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു.
സാധാരണക്കാർക്ക് ഒരു തരത്തിലും പ്രയോജനപ്പെടാത്ത ഒരു പദ്ധതിയുടെ പേരിൽ പതിനായിരത്തിലേറെ കുടുംബങ്ങളെ സ്വന്തം ഭൂമിയിൽ അഭയാർഥികളായി മാറ്റിയിരിക്കുകയാണ് സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പദ്ധതിയുടെ പേരിൽ വൻ തുക കടമെടുക്കുമ്പോൾ നഷ്ടപ്പെടുന്നത് മുഴുവൻ ജനങ്ങളുടെയും സാമ്പത്തിക സ്വാതന്ത്ര്യമാണ്.
ഇക്കാരണത്താലാണ് ഫ്രീഡം ഫ്രം സിൽവർ ലൈൻ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചത് എന്നും അദ്ദേഹം പറഞ്ഞു. ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി മിനി കെ.ഫിലിപ്പ്, സംസ്ഥാന കൺവീനർ ഇ.വി.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

