സൗജന്യ വൈ-ഫൈ: ഐ.ടി മിഷനെ ഒഴിവാക്കി, കെ.എസ്.ഐ.ടി.ഐ.എല്ലിന് ചുമതല
text_fieldsതിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്നതിന് വിശദറിപ്പോര്‍ട്ട് സമര്‍പ്പിച്ച ഐ.ടി മിഷനെ ഒഴിവാക്കി കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കെ.എസ്.ഐ.ടി.ഐ.എല്‍) സര്‍ക്കാര്‍ പദ്ധതി നിര്‍വഹണ ചുമതല നല്‍കി. വിവിധ ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധരടങ്ങുന്ന ഐ.ടി മിഷനെ എന്തിന് ഒഴിവാക്കി എന്നത് സംബന്ധിച്ച് അവ്യക്ത തുടരുകയാണ്.
പകരം ചുമതല നല്‍കിയിരിക്കുന്നതാകട്ടെ സര്‍ക്കാറിന് കീഴില്‍ ഐ.ടി പാര്‍ക്കുകളുടെ നിര്‍മാണവും അടിസ്ഥാന സൗകര്യവികസനവുമടക്കമുള്ള ചുമതലകള്‍ മാത്രം നിര്‍വഹിക്കുന്ന സ്ഥാപനത്തിനും. സംസ്ഥാന വ്യാപകമായി 1000 പൊതുസ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുമെന്നത് ഇടത് സര്‍ക്കാറിന്‍െറ ആദ്യത്തെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. ബജറ്റിലും ഇതു സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ടി മിഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സമയബന്ധിതമായി റിപ്പോര്‍ട്ടും ഐ.ടി മിഷന്‍ സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ട് വര്‍ക്കിങ് ഗ്രൂപ് പരിഗണിച്ചശേഷം ഭേദഗതിയോടെയോ അല്ലാതെയോ അനുമതി നല്‍കുമെന്നാണ് ഐ.ടി വകുപ്പ് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. വര്‍ക്കിങ് ഗ്രൂപ് യോഗങ്ങള്‍ പലത് കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിര്‍വഹണ ചുമതല കെ.എസ്.ഐ.ടി.ഐ.എല്ലിന് നല്‍കാന്‍ തീരുമാനിച്ചത്. ഐ.ടി മിഷന്‍ സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടും ഒഴിവാക്കിയെന്നാണ് വിവരം. കെ.എസ്.ഐ.ടി.ഐ.എല്ലിനോട് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം കലക്ടറേറ്റിന് പുറമേ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെയും പൊതു വൈ-ഫൈ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതത്് ഐ.ടി മിഷനാണ്. പൊതുസ്ഥലങ്ങളില്‍ എട്ട് മെഗാബൈറ്റ് വേഗത്തില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഐ.ടി മിഷന്‍ സമര്‍പ്പിച്ചത്. പരിധിയില്ലാത്ത ഇന്‍റര്‍നെറ്റ് ലഭ്യതക്കൊപ്പം ദുരുപയോഗവും അനാവശ്യ ഡൗണ്‍ലോഡിങ്ങും തടയാന്‍ പരിധിനിര്‍ണയമടക്കമുള്ള കാര്യങ്ങളും ഐ.ടി മിഷന്‍ ആലോചിച്ചിരുന്നു. ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ലൈബ്രറികള്‍, പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ 1000 സ്ഥലങ്ങളില്‍ വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
