അർബുദ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര
text_fieldsതിരുവനന്തപുരം: അർബുദ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര. സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസുകളിലാണ് സൗജന്യ യാത്ര പ്രഖ്യാപിച്ചത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കും സൗജന്യ യാത്ര അനുവദിക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.സഭയിൽ ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം നാലാം ദിനവും തുടരുകയാണ്. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തിലേക്ക് എത്തിയതുമുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ മറച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധ ബാനര്‍ പിടിച്ചുവാങ്ങാൻ വാച്ച് ആൻഡ് വാർഡ് ജീവനക്കാരോട് സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടത് നാടകീയ രംഗങ്ങൾക്കിടയാക്കി.
പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള തുടർന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ ദേഹനിന്ദ പരാമർശം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ ഉന്നയിച്ചു. എന്നാല്‍, മുഖ്യമന്ത്രി ആരുടെയും പേരെടുത്തുപറഞ്ഞില്ലെന്ന് പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് പ്രതിരോധിച്ചു. പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

