കൊച്ചി: പ്രവാസികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ൈഹകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. ഇന്ത്യൻ ഭരണഘടനയനുസരിച്ചും ലീഗൽ സർവിസ് അതോറിറ്റീസ് ആക്ട് പ്രകാരവും ഇന്ത്യൻ പൗരൻമാർക്ക് സൗജന്യ നിയമ സഹായത്തിന് വ്യവസ്ഥയുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിലാണ് പത്തു ദിവസത്തിനകം വിശദീകരണം നൽകാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.
പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കാൻ 2009 ൽ കൊണ്ടുവന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് കാര്യക്ഷമമല്ലെന്ന് ഹരജിയിൽ പറയുന്നു. കോവിഡ് ബാധയെത്തുടർന്ന് നിരവധി പ്രവാസികൾ മരണമടയുകയും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.