ഫോൺ സ്ക്രീനിൽ വരകൊണ്ടു നിറഞ്ഞു; വാരന്റി നിഷേധിച്ച കമ്പനിയും കടക്കാരും കുടുങ്ങി, 1.03 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsrepresentation image
റാന്നി : വാരന്റി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ മൊബൈൽ ഫോൺ ഉപഭോക്താവിന് 1.03 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കൊച്ചി കടവന്ത്ര ഓക്സിജൻ ഡിജിറ്റൽ ഷോപ്പും സാംസങ് ഇലക്ട്രോണിക് കമ്പനിയുമാണ് നഷ്ടപരിഹാര തുക നൽകേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനാണ് വിധി പറഞ്ഞത്.
2022ൽ കടവന്ത്രയിലെ ഷോപ്പിൽ നിന്നും പത്തനംതിട്ട കടമാൻകുളം പാറേപ്പളളി സ്വദേശിനിയാണ് 67,533 രൂപ വിലയുള്ള സാംസങ് ഫോൺ വാങ്ങിയത്. മൊബൈലിന് കമ്പനിയുടെ ഒരു വർഷത്തെ വാരന്റി കൂടാതെ കടക്കാരൻ 4,567 രൂപയുടെ രണ്ടു വർഷത്തെ പ്രൊട്ടക്ഷന്‍ വാരന്റിയും നൽകിയിരുന്നു.
വാഹനാപകടമോ ഇടിമിന്നലോ അല്ലെങ്കിൽ തീ കത്തി നശിച്ചു പോകുകയോ ചെയ്താൽ പോലും ഫോണിന് ഈ പ്രൊട്ടക്ഷൻ ഉണ്ടെങ്കിൽ പുതിയ ഫോൺ ലഭിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.
ഫോൺ വാങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ മുതൽ അമിതമായി ചൂടായത് കാരണം ഓക്‌സിജൻ കടക്കാരന്റെ നിർദേശാനുസരണം സാംസങ് കമ്പനിയുടെ കോട്ടയത്തുള്ള അംഗീകൃത സർവീസ് സെന്ററിൽ കൊടുക്കുകയും സോഫ്റ്റ്‌വെയർ അപ്ഡേഷൻ ചെയ്യുകയും ചെയ്തു.
അതിനുശേഷം ഫോണിൽ ലംബമായി ഒരു വരയും വീണ്ടും അപ്ഡേഷൻ ചെയ്‌തപ്പോൾ മൂന്ന് വരയും ഉണ്ടാകുകയും ഫോൺ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആകുകയും ചെയ്തു.
ഈ വിവരം സാംസങ് കമ്പനിയേയും പ്രൊട്ടക്ഷന്‍ പ്ലാന്‍ എടുപ്പിച്ച ഓക്സിജൻ കടക്കാരനേയും അറിയിച്ചപ്പോൾ ഡിസ്പ്ലെ പോയതാണ് മാറണമെങ്കിൽ 14,000 രൂപ നൽകണമെന്നും പറഞ്ഞു. ഈ അന്യായമായ വ്യാപാര രീതിയെ ചോദ്യം ചെയ്‌തും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഹർജി ഫയൽ ചെയ്‌തത്.
അന്യായം ഫയലിൽ സ്വീകരിച്ച കമീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ഓക്സിജൻ കടക്കാരൻ മാത്രം കമീഷനിൽ ഹാജരായെങ്കിലും അവരുടെ ഭാഗം തെളിവുകൾ നൽകാൻ തറായില്ല. ഹരജിക്കാരിയുടെ മൊഴിയും മറ്റു രേഖകകളും പരിശോധിച്ച കമീഷൻ ഹരജി ന്യായമാണെന്ന് കണ്ടെത്തുകയും 45 ദിവസത്തിനകം എതിർകക്ഷികളായ സാംസങ് കമ്പനിയും ഓക്‌സിജൻ കടക്കാരനും ചേർന്ന് പുതിയ ഫോൺ നൽകുകയോ ഫോണിന്റെ വിലയായ 67,533 രൂപയും കൂടാതെ 25,000 രൂപ നഷ്ടപരിഹാരമായും, 10,000 രൂപ കോടതി ചിലവും ഉൾപ്പെടെ 1,03,000 രൂപ ഹരജികക്ഷിക്ക് നൽകാൻ വിധിച്ചു. കമീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും നിഷാദ് തങ്കപ്പനും ചേർന്നു വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

