തട്ടിപ്പ് കൊറിയറായും വരും; വീണ്ടും മുന്നറിയിപ്പുമായി പൊലീസ്
text_fieldsഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പിനിരയായാല് ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) തന്നെ വിവരം 1930 ല്‍ അറിയിക്കുക
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓൺലൈൻ സാമ്പത്തികതട്ടിപ്പിൽ രണ്ട് കേസുകളിൽ മാത്രം നഷ്ടമായത് 5.61 കോടി രൂപ. കൊറിയർ രൂപത്തിൽ നടന്ന ഓൺലൈൻ തട്ടിപ്പുസംഘത്തിന്റെ നേതൃത്വത്തിലെ പുതിയ തട്ടിപ്പായിരുന്നു ഇവ രണ്ടുമെന്ന് പൊലീസ് പറയുന്നു.
നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് ഫോൺ വിളിച്ചാണ് വലവിരിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.
നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർ ഇങ്ങോട്ട്പറയും. പാർസലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സി.ബി.ഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഒാഫിസർക്ക് കൈമാറുന്നു എന്നും പറഞ്ഞ് മറ്റൊരാൾ സംസാരിക്കും. പാർസലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നതായും അയാൾ പറയുന്നു.
വിശ്വസിപ്പിക്കാനായി പൊലീസ് ഒാഫിസർ എന്നുതെളിയിക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ അയച്ചുകൊടുക്കും.
ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച പൊലീസ് പോസ്റ്റർ
തിരിച്ചറിയൽ കാർഡ് വിവരങ്ങൾ വെബ്സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടും. മുതിർന്ന പൊലീസ് ഒാഫിസറുടെ യൂനിഫോം ധരിച്ചയാൾ വിഡിയോകാളിൽ വന്നായിരിക്കും ഇത് പറയുക. തുടർന്ന്, പൊലീസ് ഒാഫിസർ എന്ന വ്യാജേന സമ്പാദ്യവിവരങ്ങൾ ആവശ്യപ്പെടും. സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധനക്കായി അയച്ചുനൽകണമെന്നായിരിക്കും അടുത്ത ആവശ്യം.
വെര്‍ച്വല്‍ അറസ്റ്റിലാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും. ഭീഷണി വിശ്വസിച്ച് തട്ടിപ്പുകാർ അയക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു.
തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതാവുകയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് തിരിച്ചറിയൂ. ഒരു അന്വേഷണ ഏജൻസിയും ഇങ്ങനെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടില്ല എന്ന് പൊലീസ് പറയുന്നു. പൊലീസിന് അക്കൗണ്ടുകൾ മരവിപ്പിക്കാനും സമ്പാദ്യം സംബന്ധിച്ച് ബാങ്കിനോട് വിവരങ്ങൾ ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ട്.
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേക്ക് ഒരു കാരണവശാലും പണം കൈമാറരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പിനിരയായാല് ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) തന്നെ വിവരം 1930 ല്‍ അറിയിക്കുക.
എത്രയും നേരേത്ത റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാമെന്നും പൊലീസ് പറയുന്നു.

