ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പർ മാറ്റി സ്വന്തം നമ്പർ ചേർത്തയാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച ആളെ ഷാഡോ പൊലീസ് പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളി തോട്ടിയാമ്പട്ടിയിൽ പളനിയപ്പെൻറ മകൻ വിജയകുമാറാണ് (38) പിടിയിലായത്.
ദുരിതാശ്വാസനിധിയിൽ സിനിമ നടന്മാരും വ്യവസായികളും വലിയ തുകകൾ സംഭാവന ചെയ്യുന്നത് മനസ്സിലാക്കിയ വിജയകുമാർ ഈ പണം തെൻറ അക്കൗണ്ടിലേക്ക് ആക്കാനുള്ള പദ്ധതി തയാറാക്കുകയായിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വന്ന മെസേജ് എഡിറ്റ് ചെയ്ത് സ്വന്തം അക്കൗണ്ട് നമ്പർ ചേർത്ത് മറ്റുള്ളവരിലേക്ക് അയക്കുകയായിരുന്നു.
ഷാഡോ പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുച്ചിറപ്പള്ളിയിൽ ബന്ധു വീട്ടിൽനിന്ന് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രളയബാധിതർക്കായുള്ള ധാന്യശേഖരം മോഷ്ടിച്ച ലോറി ഡ്രൈവർ പിടിയിൽ
നെന്മാറ: പ്രളയത്തിൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ ദുരിതബാധിതർക്ക് എത്തിക്കാനായി ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ മോഷ്ടിച്ച ലോറി ഡ്രൈവർ അറസ്റ്റിലായി. പോത്തുണ്ടി നെല്ലിച്ചോട് സ്വദേശി ദിനേഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ഗോഡൗണിൽനിന്ന് ഹെലിപാഡിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ അധികൃതർ വാടകക്ക് വിളിച്ച ടിപ്പർ ലോറിയുടെ ഡ്രൈവറാണ് ദിനേഷ്.
നെന്മാറ അകമ്പാടത്തെ ഗോഡൗണിലാണ് പലവ്യഞ്ജനവും അരിയും മറ്റു ധാന്യങ്ങളും സൂക്ഷിച്ചിരുന്നത്. നെല്ലിയാമ്പതിയിലേക്ക് ഇവ ഹെലികോപ്ടറിൽ കൊണ്ടുപോകുന്നതിന് എൻ.എസ്.എസ് കോളജിന് സമീപത്തെ ഹെലിപാഡിലേക്ക് എത്തിക്കാനായിരുന്നു മൂന്ന് ടിപ്പർ ലോറികൾ ഏർപ്പാടാക്കിയത്. ഇതിൽ രണ്ട് ലോറികൾ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിയുള്ളൂ. ദിനേഷ് ഓടിച്ച ലോറിയിലെ 46 ചാക്ക് ഭക്ഷ്യവസ്തുക്കൾ ഹെലിപാഡിൽ എത്തിയില്ല.
തുടർന്ന്, പൊലീസ് നടത്തിയ തിരച്ചിലിൽ ചാത്തമംഗലം കൊല്ലയങ്കാടിനടുത്തുനിന്ന് വ്യാഴാഴ്ച വെളുപ്പിന് ടിപ്പർ ലോറി കണ്ടെടുക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഗോഡൗണിൽനിന്ന് സാധനങ്ങൾ കയറ്റിയത്. സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ദുരിതാശ്വാസത്തിെൻറ മറവിൽ കള്ളക്കടത്തും
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിെൻറ മറവിൽ സംസ്ഥാനത്തേക്ക് നികുതി വെട്ടിച്ച് വൻതോതിൽ കള്ളക്കടത്ത്. ദുരിതാശ്വാസ ക്യാമ്പിലേക്കെന്ന ബാനർ വാഹനങ്ങളിൽ കെട്ടിയാണ് സാധനങ്ങൾ കടത്തുന്നത്. ജി.എസ്.ടി സ്ക്വാഡുകൾ ഇത്തരം വാഹനങ്ങളെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത് മറയാക്കിയാണ് കള്ളക്കടത്ത്. സ്ക്വാഡുകൾ നിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ ഇൗ വാഹനങ്ങളിൽനിന്ന് സാധനങ്ങൾ ചെറുവാഹനങ്ങളിലേക്ക് മാറ്റി കടകളിൽ എത്തിക്കും. ഒാണക്കാല വിപണിയിലേക്കാണ് കള്ളക്കടത്തെന്ന് സംശയിക്കുന്നതായി ജി.എസ്.ടി ഉദ്യോഗസ്ഥർ പറയുന്നു.
ദുരിതബാധിതർക്കുള്ള വെള്ളം എന്ന ബാനർ കെട്ടി ശീതളപാനീയങ്ങളുമായി വന്ന ലോറിയും മൂന്ന് വാഹനങ്ങളും തിരുവനന്തപുരത്ത് ജില്ല ഭരണകൂടം പിടിച്ചെടുത്തു. കലക്ടർക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു നടപടി. സംശയം തോന്നുന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
