മെസ്സിയുടെ പേരിലെ തട്ടിപ്പ്: രണ്ടു ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. സംഭവത്തെക്കുറിച്ച് ചെറിയ ഇടവേളക്ക് ശേഷം ജി.എസ്.ടി വകുപ്പിന്‍റെ അന്വേഷണവും പുനരാരംഭിച്ചു. ജി.എസ്.ടി ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമീഷണർ പി. സുനിൽ കുമാറിനെയും കാസർകോട് ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമീഷണർ വി. സജിത്തിനെയുമാണ് മാറ്റിയത്. സുനിൽ കുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ എന്ന അപ്രധാന തസ്തികയിലേക്കാണ് മാറ്റിയത്. സജിത്തിനും ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റം.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടിലെ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായ നികുതി വെട്ടിപ്പിലെ തുടർനടപടികൾ വൈകിപ്പിക്കാൻ സുനിൽ കുമാർ ഇടപെട്ടതായി അന്വേഷണം നടത്തിയ ജി.എസ്.ടി എസ്.ഐ.ടിക്ക് മൊഴി ലഭിച്ചിരുന്നു. കമ്പനിക്ക് വഴിവിട്ട സഹായം നല്‍കാന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ അധികാരം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും കര്‍ശന അച്ചടക്ക നടപടികള്‍ക്കും അന്വേഷണ സംഘം മുമ്പ് ശിപാര്‍ശ ചെയ്തിരുന്നു. മാസങ്ങളായി വൈകിയ നടപടിയാണ് ഇപ്പോള്‍ സ്ഥലംമാറ്റത്തില്‍ എത്തിയത്.
പൊലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ സുനില്‍ കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നിർണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സ്വകാര്യ കമ്പനിക്കെതിരായ നികുതി പിരിവും തുടര്‍നടപടികളും നിര്‍ത്തിവെക്കാന്‍ നിർദേശം നല്‍കിയത് ഭരണതലത്തിലുള്ള കടുത്ത രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് സമ്മതിക്കുകയും ചെയ്തു. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്തരവുകള്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ജി.എസ്.ടി ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമീഷണര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ജി.എസ്.ടി ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ജോയിന്‍റ് കമീഷണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

