മെസ്സിയുടെ പേരിലെ തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പ്
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജി.എസ്.ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമീഷണര്വരെ ഇടപെട്ടെന്നും സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) അക്കൗണ്ടില്‍ കോടികള്‍ വന്നതില്‍ ദുരൂഹതയുള്ളതിനാൽ ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാൻ റിപ്പോർട്ട് ശിപാർശ ചെയ്തു.
സ്പോൺസറിൽനിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. സ്പോണ്‍സറിൽനിന്ന് നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ശിപാർശയുണ്ട്. വീഴ്ചയുണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചു. അന്വേഷണത്തിൽ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസർ ബോധപൂർവം കാലതാമസം വരുത്തിയതായി എസ്.ഐ.ടി കണ്ടെത്തി.
നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണം മറ്റൊരു യൂനിറ്റിലേക്ക് അടിയന്തരമായി മാറ്റണം. ബാഹ്യസമ്മർദങ്ങളുണ്ടായോ എന്ന് അന്വേഷിക്കണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും ശിപാർശയുണ്ട്. അന്വേഷണത്തിലും പുരോഗതിയിലും ബാഹ്യസ്വാധീനം / ഒത്താശയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിഷയം സ്വതന്ത്ര അന്വേഷണത്തിന് കൈമാറാമെന്നാണ് എസ്.ഐ.ടി ശിപാർശ.
രണ്ടു ധനകാര്യ സ്ഥാപനങ്ങൾ കോടികൾ നൽകിയതിൽ സംശയങ്ങളുണ്ട്. ആർ.ബി.സി കമ്പനി ജി.എസ്.ടി കാണിച്ചതിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിന് ചെലവാക്കിയത് എട്ടു കോടി രൂപയാണെണ്. എന്നാൽ, സ്പോൺസർ അവകാശപ്പെട്ടത് 70 കോടി ചെലവാക്കിയെന്നാണ്. ഇതുവഴി കണക്കുകളിൽ കൃത്രിമം കാണിച്ച് ഭീമമായ തുകയുടെ തട്ടിപ്പാണ് നടന്നത്. നികുതിയിനത്തിൽ സർക്കാറിന് ലഭിക്കേണ്ട വരുമാനം സംരക്ഷിക്കാനും കുടിശ്ശിക തിരിച്ചുപിടിക്കാനും കർശനവും സമയബന്ധിതവുമായ നടപടികൾ എത്രയുംവേഗം ആരംഭിക്കാൻ റിപ്പോർട്ട് ശിപാർശ ചെയ്തു.
കേസെടുത്ത് എസ്.ഐ.ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ എസ്.ഐ.ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. മെസ്സിയെ കൊണ്ടുവരുന്നതിന്റെ മറവിൽ നടന്ന ക്രമക്കേടിൽ എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണിത്. സർക്കാർ നിയോഗിച്ച ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയാണ് അന്വേഷണം നടത്തുന്നത്.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒമ്പത് പ്രധാന കാര്യങ്ങൾ അന്വേഷിക്കാനാണ് എസ്.ഐ.ടിയെ സർക്കാർ നിയോഗിച്ചത്. ആദ്യം മുതലുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് നിർദേശം. സ്പോൺസറെ കണ്ടെത്തിയത്, ഇതുസംബന്ധിച്ച ശിപാർശ സമർപ്പിച്ചത്, സാമ്പത്തിക ഇടപാട്, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം, അതിന്റെ പേരിൽ നടത്തിയ വിദേശയാത്ര തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ആവശ്യപ്പെടാനും മൊഴിയെടുക്കാനും നിയമപരമായ പിൻബലത്തിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മെസ്സിയെ കൊണ്ടുവരാനെന്ന പേരിലുള്ള ശിപാർശയുൾപ്പെടെ സമർപ്പിക്കപ്പെട്ടതും സ്പോൺസറുടെയും മേൽവിലാസം കളമശ്ശേരി കേന്ദ്രീകരിച്ചാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അവിടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതിനിടെ, ക്രമക്കേടുമായി ബന്ധപ്പെട്ട കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയും എസ്.ഐ.ടി ആരംഭിച്ചു. ഇതുസംബന്ധിച്ച രേഖകൾ ധനകാര്യ, കായിക വകുപ്പുകളിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കായിക വകുപ്പിൽ പല നിർണായക രേഖകളുമില്ലെന്ന് സ്പെഷൽ സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. ഈ രേഖകൾ കണ്ടെത്താനുള്ള നീക്കവും എസ്.ഐ.ടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

