അവധി വ്യാപാരത്തിന്റെ പേരിൽ ഏലക്ക തട്ടിപ്പ്: രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
text_fieldsഅറസ്റ്റിലായ അബ്ദുൽസലാം, സന്തോഷ് കുമാർ
അടിമാലി: അവധി കച്ചവടത്തിന്റെ പേരിൽ ഏലക്കായ് വാങ്ങി കർഷകരെ വഞ്ചിച്ച കേസിൽ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അടിമാലി കൂമ്പൻപാറ ഉത്തുവാൻ അബ്ദുൽസലാം (44 ) , അടിമാലി തോന്നക്കൽ സന്തോഷ് കുമാർ (42) എന്നിവരെയാണ് ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി. ടി. ബി. വിജയൻറ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.
കേസിൽ ഒന്നാംപ്രതിയായിരുന്ന പാലക്കാട് മണ്ണാർക്കാട് കരിമ്പ അമ്പാടം വീട്ടിൽ മുഹമ്മദ് നസീർ (42) നെ നേരത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ കഴിയുന്ന നസീറിനെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടു പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. ഇവരും ഏലക്ക തട്ടിപ്പിന് മുഹമ്മദ് നസീറിനോടൊപ്പം പ്രവർത്തിച്ചതായാണ് കണ്ടെത്തൽ.
2023- 23 കാലഘട്ടത്തിൽ അടിമാലിയിൽ എൻ. ഗ്രീൻ എന്ന പേരിൽ തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് നസീർ അടിമാലിയിൽ എത്തി ഒരു കമ്പനി രൂപീകരിച്ചു. ആറ് മാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയുടെ ഇരട്ടി തുക നൽകാമെന്ന് കർഷകരെ പറഞ്ഞു വിശ്വസിപ്പിച്ച് 15 കോടിയോളം രൂപയുടെ ഏലക്ക ഇയാൾ കർഷകരിൽ നിന്നും വാങ്ങി.
പിന്നീട് മുഹമ്മദ് നസീർ കർഷകർക്ക് തുക നൽകാതെ മുങ്ങുകയായിരുന്നു. കർഷകർ അടിമാലി , വെള്ളത്തുവൽ സ്റ്റേഷനുകളിൽ പരാതി നൽകിയതിനെ തുടർന്ന് 31 കേസുകളാണ് ഇയാൾക്കെതിരെ രണ്ട് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. കേസിൽ അടിമാലി പൊലീസ് ഇയാളെ മൂന്നുമാസം മുമ്പ് അറസ്റ്റ് ചെയ്തു.
കൂടുതൽ കർഷകർ വഞ്ചിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ജയിലിൽ കഴിയുന്ന മുഹമ്മദ് നസീറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിലാണ് കൂടുതൽ പ്രതികൾ ഉള്ളതായി പ്രതി സമ്മതിച്ചത്. ബുധനാഴ്ച പിടിയിലായ പ്രതികൾ ഒന്നാംപ്രതി നസീർ വാങ്ങുന്ന ഏലക്കായ്കൾ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി വിൽപ്പന നടത്തി പണം വാങ്ങുകയാണ് ചെയ്തിരുന്നത്. ഇവർ ഈ പണം മുഹമ്മദ് നസീറിനെ ഏൽപ്പിച്ചു. ഇവർക്കും കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടായതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

