മതിയായ മുന്നൊരുക്കമില്ലാതെ ഓൺലൈൻ ക്ലാസ് തുടങ്ങരുത് -ഫ്രറ്റേണിറ്റി
text_fieldsകോഴിക്കോട്: സ്കൂൾ, കോളജ് ഓൺലൈൻ ക്ലാസുകൾ മതിയായ മുന്നൊരുക്കം നടത്താതെ ആരംഭിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികളിൽ 2.61 ലക്ഷത്തോളം പേർക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവ. കോളജുകളിലെ വിദ്യാർഥികളിൽ 30%നും ഓൺലൈൻ പഠനസങ്കേതങ്ങളില്ല. ആറ് ശതമാനത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനുള്ള സൗകര്യങ്ങളില്ല. മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പഠനസങ്കേതങ്ങൾ ഉറപ്പ് വരുത്താൻ സർക്കാറിന് സാധിക്കണം. പിന്നാക്ക പ്രദേശങ്ങളിൽനിന്നും സമുദായങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കാൻ പ്രാദേശികവും കൂടുതൽ വികേന്ദ്രീകൃതവുമായ സംവിധാനങ്ങൾ ഒരുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങളും നിർദേശങ്ങളും ഫ്രറ്റേണിറ്റി മൂവ്മെൻറ് സർക്കാറിനു മുന്നിൽ സമർപ്പിച്ചു. മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസങ്കേതങ്ങൾ ഉറപ്പ് വരുത്തുക, അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസ് റൂമുകൾ സജ്ജമാക്കി എന്നുറപ്പ് വരുത്തുക, ലോക്ക്ഡൗൺ നാളുകളിലെ ഇന്‍റർനെറ്റ് ലഭ്യത, വേഗത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചുകൊണ്ട് റെഗുലർ ഹാജർ രീതി ഒഴിവാക്കുക, ഓൺലൈൻ ക്ലാസിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുക, ഇന്‍റർനെറ്റ് സ്പീഡ് / ബാൻഡ് വിഡ്ത്ത് വർധിപ്പിക്കുക, ഓൺലൈൻ ക്ലാസിന് ആവശ്യമായ ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി ലഭ്യമാക്കുക, ഓൺലൈൻ ക്ലാസുകൾ എൽ.എം.എസ് പ്ലാറ്റ്ഫോമിലും യുട്യൂബിലും ലഭ്യമാക്കുക, കോളജ് വിദ്യാർഥികളുടെ ഫീസ് കുറച്ചു നിശ്ചയിക്കാൻ സർക്കാർ ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വിശദമായ നിർദേശങ്ങൾ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ എന്നിവർക്ക് സമർപ്പിച്ചതായി സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്റാഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
