Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാർ വംശീയ അജണ്ട...

സംഘ്പരിവാർ വംശീയ അജണ്ട ചെറുക്കുക; ഹിജാബ് ഡിഗ്നിറ്റി മാർച്ചുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്

text_fields
bookmark_border
സംഘ്പരിവാർ വംശീയ അജണ്ട ചെറുക്കുക; ഹിജാബ് ഡിഗ്നിറ്റി മാർച്ചുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്
cancel

"ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക" എന്ന തലക്കെട്ട് ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് രാജ്ഭവനിലേക്ക് നടത്തിയ ഹിജാബ് ഡിഗ്നിറ്റി മാർച്ച് കെ മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം വിദ്യാർഥിനികളുടെ മൗലികാവകാശങ്ങളും വിദ്യാഭ്യാസ അവകാശവും തടയുന്ന ഭരണകൂട സംവിധാനങ്ങളുടെ നടപടികൾ സംഘ്പരിവാർ നടത്തുന്ന മുസ്‌ലിം വിരുദ്ധ

വിദ്വേഷ പ്രചാരണങ്ങളുടെ തുടർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാണ് കർണാടകയിലെ

ഹിജാബ് നിരോധനം.

ആർ. എസ്. എസിന്റെ അജണ്ടകൾക്ക് കുടപിടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. നൂറുകണക്കിന് വിദ്യർത്ഥിനികൾക്ക് വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെടുന്ന തീരുമാനവുമായി സംഘ്പരിവാർ സർക്കാറുകൾ മുന്നോട്ട് പോകുമ്പോൾ പൊതുസമൂഹം പുലർത്തുന്ന മൗനം അപകടകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക മോഡൽ ഹിജാബ് നിരോധനം രാജ്യത്ത് ഒന്നാകെ നടപ്പിലാക്കാനാണ് സംഘ്പരിവാർ ശ്രമം. മുസ്‌ലിം വിദ്യാർത്ഥിനികളെ അപരവൽക്കരിക്കാനും വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് തന്നെ പുറത്താക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിൽ.

നജീബ് അഹമ്മദിന്റെ നിർബന്ധിത തിരോധാനത്തിലൂടെയും രോഹിത് വെമുലയുടെയും ഫാത്തിമ ലത്തീഫിന്റെയും വ്യവസ്ഥാപിത കൊലപാതകത്തിലൂടെയും സംഘ് പരിവാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന മുസ്‌ലിം- ദലിത്- പിന്നാക്ക വിദ്യാർഥികളെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയാണ് കർണാടകത്തിലെ ഹിജാബ് നിരോധനവും എന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് അഖിലേന്ത്യാ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു.

സംഘ് പരിവാറിന്റെ താൽപര്യവും ആശയങ്ങളും പ്രത്യക്ഷമായി ഏറ്റെടുക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. ഗവർണറുടെ ആർ.എസ്. എസ് ദാസ്യവും മുസ്‌ലിം വിരുദ്ധതയും അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ പ്രക്ഷോഭങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച സംഘമെന്ന നിലയിലും

ഹിജാബ് നിരോധനത്തിനെതിരെയും

ശക്തമായ പ്രക്ഷോഭങ്ങൾ തീർക്കാൻ ശേഷിയുള്ള വിദ്യാർത്ഥി -ചെറുപ്പമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്ന് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ഷഫീഖ് ചൂണ്ടിക്കാട്ടി.

കേരളത്തിൽ എസ്.പി.സിയിൽ ഹിജാബ് അനുവദിക്കാതിരിക്കുന്നത് സർക്കാർ പുലർത്തുന്ന ഹിന്ദുത്വ- വംശീയ താൽപര്യങ്ങളുടെ തുടർച്ചയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ഹിജാബ് നിരോധനത്തിന് ശക്തി പകരുന്നതാണ് കേരള സർക്കാറിന്റെ ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബിനെ നിരോധിച്ച വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുസ്‌ലിം വിരുദ്ധതയുടെ പ്രജനന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തെ ചെറുത്ത് തോൽപിക്കുക തന്നെ ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ പറഞ്ഞു. ആർ.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധ താൽപ്പര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാനുള്ള മാനേജ്‌മെന്റ് തീരുമാനങ്ങളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെറുത്ത് തോൽപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, ശബാന സി. എ, സന്തോഷ് കുമാർ, എൻ.എം അൻസാരി എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് സ്വാഗതവും അഷ്‌റഫ് കെ.കെ സമാപനവും നിർവ്വഹിച്ചു.

ഹിജാബ് ഡിഗ്നിറ്റി മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് മ്യൂസിയം വഴി രാജ്ഭവനിലേക്ക് എത്തുകയായിരുന്നു. രാജ്ഭവനിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനും തകർക്കാനും ശ്രമിച്ചതോടെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന നേതാക്കളായ എസ്. മുജീബുറഹ്മാൻ, കെ.എം ഷെഫ്റിൻ, മഹേഷ്‌ തോന്നക്കൽ, ഫസ്ന മിയാൻ, എ. ആദിൽ, ലത്തീഫ് പി. എച്ച്, ഷഹിൻ ശിഹാബ്, അമീൻ റിയാസ്, ഉമർ തങ്ങൾ, തശ്‌രീഫ് കെ. പി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Show Full Article
TAGS:Fraternity MovementHijab Dignity March
News Summary - Fraternity Movement with Hijab Dignity March
Next Story