തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷതന്ത്രം -ഹമീദ് വാണിയമ്പലം
text_fieldsഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് നഗരത്തിൽ നടത്തിയ ‘വിദ്വേഷ നാവുകളോട് നോ, സാഹോദര്യ മുന്നേറ്റത്തോട് യെസ്’ വിദ്യാർഥി യുവജന റാലി, ഹമീദ് വാണിയമ്പലം
കോഴിക്കോട്: തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മും ബി.ജെ.പിയും ഒരേ വിദ്വേഷതന്ത്രം പ്രയോഗിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ‘വിദ്വേഷ നാവുകളോട് നോ, സാഹോദര്യ മുന്നേറ്റത്തോട് യെസ്’ തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ സീറ്റുകൾ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവർ പരസ്പരം നടത്തുന്നത്. എ.കെ. ബാലന്റെ വംശീയ പ്രസ്താവന ഡീലിന്റെ ഭാഗമാണ്. മാറാട് നടന്നത് കൂട്ടക്കൊലയാണെന്ന, അന്വേഷണ കമീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആർ.എസ്.എസും സി.പി.എമ്മും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. വാളയാറിൽ ഹിന്ദുത്വ ഭീകരരുടെ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ സഹോദരൻ ശശികാന്ത് ഭാഗേൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി. ആർ.എസ്.എസിന്റെ ഫാക്ടറിയിൽനിന്ന് പുറത്തുവിടുന്ന വിദ്വേഷ രാഷ്ട്രീയം സ്വാംശീകരിച്ചവരാണ് തന്റെ സഹോദരനെ കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.കെ. ബാബുരാജ്, സാമൂഹിക പ്രവർത്തക അംബിക മറുവാക്ക്, ആക്ടിവിസ്റ്റ് അഡ്വ. അമീൻ ഹസൻ എന്നിവർ സംസാരിച്ചു. ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക, ജാതി, വംശീയക്കൊലകൾ ജുഡീഷ്യൽ കമീഷനെവെച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് സഈദ് സമാപന പ്രഭാഷണം നിർവഹിച്ചു. അമീൻ റിയാസ് സ്വാഗതവും ആയിഷ മന്ന നന്ദിയും പറഞ്ഞു.
വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി നേരത്തേ വെള്ളയിൽ ഗാന്ധി ജങ്ഷനിൽനിന്ന് വിദ്യാർഥി യുവജന റാലി നടന്നു. കുറ്റിച്ചിറ ഓപൺ സ്റ്റേജിൽ റാലി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

