അനന്തുവിന്‍റെ മരണത്തിന് കാരണക്കാരായ ആർ.എസ്.എസുകാരെ തുറങ്കലിലടക്കണം -നഈം ഗഫൂർ
text_fieldsനഈം ഗഫൂർ
തിരുവനന്തപുരം: ആർ.എസ്.എസിനെതിരെ കുറിപ്പ് പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്ത യുവാവ് അനന്തുവിന്‍റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആർ.എസ്.എസുകാരെയും അറസ്റ്റ് ചെയ്ത് തുറങ്കലിലടക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ. കേരളത്തിൽ മറ്റൊരു ജീവൻ കൂടി ആർ.എസ്.എസ് അപഹരിച്ചിരിക്കുന്നു. ചെറുപ്പം മുതൽ അച്ഛനോടൊത്ത് ആർ.എസ്.എസ് പരിപാടികളിൽ പോയിരുന്ന അനന്തുവിനെ നിധീഷ് നാരായണൻ എന്ന ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി അനന്തു തുറന്നുപറയുന്നുണ്ട്.
ബ്രഹ്മചര്യത്തിന്റെയും ത്യാഗത്തിന്റെയും വീമ്പു പറയുന്ന ആർ.എസ്.എസിനകത്ത് നടന്നുവരുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളും ലൈംഗിക ഉപദ്രവങ്ങളുമാണ് അനന്തുവിന്‍റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. അനന്തു വളരെ ചെറുപ്രായം മുതൽ ഏകദേശം മൂന്ന് വയസ്സ് മുതൽ ഏറ്റുവാങ്ങിയ ലൈംഗിക ഉപദ്രവത്തെക്കുറിച്ചാണ് പറയുന്നത്.
ചെറിയ കുട്ടികൾ ഉൾപ്പെടെ ആർ.എസ്.എസ് ശാഖ പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതായി ഇപ്പോൾ കാണുന്നുണ്ട്. രാഷ്ട്രീയമായി ഇവർ കുത്തിവെക്കുന്ന വംശീയ വിഷം പൊതുസമൂഹത്തിന് തിരിച്ചറിവുള്ളതാണ്. എന്നാൽ, അതിനകത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ചെയ്തികളെ കൂടി നമ്മൾ തിരിച്ചറിയണം. ചെറുപ്രായം മുതൽ മക്കളെ ആർ.എസ്.എസിലേക്ക് അയക്കുന്ന രക്ഷിതാകൾക്ക് കൂടെയുള്ള മുന്നറിയിപ്പാണ് അനന്തുവിന്‍റെ അനുഭവങ്ങൾ.
മുഴുവൻ ആർ.എസ്.എസ് സംവിധാനങ്ങൾക്കെതിരെയും വിശാലമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. അനന്തുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ മുഴുവൻ ആർ.എസ്.എസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കാനും സർക്കാർ സന്നദ്ധമാകണമെന്നും നഈം ഗഫൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

