എസ്.സി, എസ്.ടി സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കുന്നത് പ്രതിഷേധാർഹം; ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsതിരുവനന്തപുരം: എസ്.സി, എസ്.ടി അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ നൽകി വരുന്ന നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് വെട്ടിക്കുറക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. സ്കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിച്ച് വിതരണം നടത്തിയില്ലെങ്കിൽ ശക്തമായ വിദ്യാർഥി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചിരിക്കുന്നത്. അർഹരായവരിലെ 40%ൽ താഴെയുള്ള വിദ്യാർഥികളെ മാത്രമാണ് ഈ വർഷം സ്കോളർഷിപ്പിന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് പരിഗണിച്ചിരിക്കുന്നത്.
പണമില്ലെന്ന പേരും പറഞ്ഞ് പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ അവകാശത്തിൽ കൈകടത്തുന്ന നടപടി അംഗീകരിക്കാനാകില്ല. സർക്കാർ സംവിധാനങ്ങളുടെ പിടിപ്പുകേടുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ന്യൂനപക്ഷ വിദ്യാർഥികളുടെ ചുമലിൽ കെട്ടിവെക്കാൻ അനുവദിക്കില്ല. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളോട് സംഘ്പരിവാർ തുടരുന്ന ശത്രുത തന്നെയാണ് സ്കോളർഷിപ്പിലെ വെട്ടിച്ചുരുക്കലിലൂടെയും പ്രകടമാകുന്നത്. മുമ്പ് മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പും പട്ടിക ജാതി വിഭാഗങ്ങൾക്ക് നൽകുന്ന നാഷണൽ ഫെലോഷിപ്പും സർക്കാർ വെട്ടിക്കുറച്ചിരുന്നു.
മോദി സർക്കാറുകൾക്ക് കീഴിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളുടെ തുകയും ഉപഭോക്തക്കളായ വിദ്യാർഥികളുടെ എണ്ണവും കുത്തനെ ഇടിഞ്ഞുവെന്നും മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് കിട്ടിയ ദലിത് വിദ്യാർഥികളുടെ എണ്ണം 1.36 ലക്ഷമായിരുന്നത് 2024ൽ 69,000 ആയി ചുരുങ്ങിയത് അതിന്‍റെ ഉദാഹരണം മാത്രമാണെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡൻറ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. ഗോപു തോന്നക്കൽ, ഷമീമ സക്കീർ, സുനിൽ അട്ടപ്പാടി, രഞ്ജിത ജയരാജ്, സഹ് ല ഇ.പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

