Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീ ഫണ്ട്:...

പി.എം ശ്രീ ഫണ്ട്: സ്കൂളുകളെ സംഘ്പരിവാറിന് തീറെഴുതാൻ അനുവദിക്കില്ല -ഫ്രറ്റേണിറ്റി മൂവ്മെൻറ്; എസ്.എഫ്.ഐയുടെ മൗനം വിദ്യാർഥി സമൂഹം തിരിച്ചറിയണം’

text_fields
bookmark_border
പി.എം ശ്രീ ഫണ്ട്: സ്കൂളുകളെ സംഘ്പരിവാറിന് തീറെഴുതാൻ അനുവദിക്കില്ല -ഫ്രറ്റേണിറ്റി മൂവ്മെൻറ്; എസ്.എഫ്.ഐയുടെ മൗനം വിദ്യാർഥി സമൂഹം തിരിച്ചറിയണം’
cancel

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാലയങ്ങളെ സംഘ്പരിവാർവത്കരിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടക്ക് തലവെച്ച് കൊടുക്കലാണെന്നും വിദ്യാർഥി സംഘടനകൾക്ക് നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ്.

പി.എം ശ്രീ പദ്ധതി പ്രകാരം ഫണ്ട് ലഭിക്കാനുള്ള ആദ്യ പടി എന്നത് ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന എം.ഒ.യു ഒപ്പുവെക്കലാണ്. നിലവിൽ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാത്ത സംസ്ഥാനങ്ങളായ ബംഗാൾ, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങൾക്കാണ് സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ലഭിക്കേണ്ട ഫണ്ട് പോലും കേന്ദ്ര സർക്കാർ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും പി.എം ശ്രീയിൽ ഒപ്പ് വെച്ച് വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തുകയില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേർത്ത വിദ്യാർഥി സംഘടനകളുടെ മീറ്റിങ്ങിൽ ഉറപ്പ് നൽകിയത്.

വിദ്യാർഥി സംഘടനാ മീറ്റിങ്ങിൽ പി.എം ശ്രീക്ക് അനുകൂലമായി വാദിച്ച ഒരേ ഒരു സംഘടന സംഘ്പരിവാർ സംഘടനയായ എ.ബി.വി.പി മാത്രമായിരുന്നു. കേരളത്തിലെ വിദ്യാർഥികളുടെ പ്രതിനിധികളായി എ.ബി.വി.പിയെ ആണോ മന്ത്രി ശിവൻകുട്ടി കാണുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടെ നീളം പ്രതിഷേധം സംഘടിപ്പിച്ച എസ്.എഫ്.ഐ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സർക്കാരിന്റെയും പ്രത്യക്ഷത്തിൽ തന്നെയുള്ള ഈ സംഘ്പരിവാർ വിധേയത്വത്തിന് മുമ്പിൽ കാണിക്കുന്ന ബോധപൂർവ്വമായ മൗനത്തെ കേരളത്തിലെ വിദ്യാർഥി സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ അവകാശമുള്ള ഭരണഘടനയുടെ കോൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിനെ കേന്ദ്രത്തിന്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുന്നതും പി.എം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും. ഇതിന് വഴങ്ങി കൊടുക്കുന്നതിലൂ​ടെ വഴി ഫെഡറൽ മൂല്യങ്ങൾക്ക് കടക്കൽ കത്തി വെക്കുന്ന പണി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്.

കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ വെറുതെ എന്തിനാ കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണ്. ഇങ്ങനെയാണേൽ കേന്ദ്രം 2000 കോടി രൂപ തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാൻ തയ്യാറാകുമോ? രാഷ്ട്രീയവും നയപരവുമായ തീരുമാനങ്ങളെ കേവലം ഫണ്ടിനെ മാത്രം അനുസരിച്ച് തീരുമാനിക്കുക എന്നത് വലത് പക്ഷ രീതിശാസ്ത്രമാണ്. തമിഴ്നാടിനും ബംഗാളിനുമില്ലാത്ത എന്ത് കുട്ടികളുടെ ഫണ്ടിന്റെ പ്രശ്നമാണ് കേരള സർക്കാരിനുള്ളത്? രാഷ്ട്രീയമായ ഇഛാശക്തിയുണ്ടെങ്കിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ വികസനത്തെ ജനകീയമായി തന്നെ ഏറ്റെടുക്കുന്ന പൊതു ജനശക്തിയുള്ള ഇടമാണ് കേരളം. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്കൂളുകളെ കേന്ദ്രത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാവും നയിക്കുക.

പി.എം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിട്ടു നിൽക്കുകയും സംസ്ഥാന സർക്കാറിന് അവകാശപ്പെട്ട ഫണ്ട് തടഞ്ഞതിനെ നിയമപരമായി നേരിടുകയുമാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം കേരളത്തിലൂടെ നീളം വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ ഈ സി പി എം - ബി.ജെ.പി അന്തർധാരയെ ചെറുത്തുതോൽപ്പിക്കുന്നതാണെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraternity MovementV SivankuttyPM SHRI
News Summary - fraternity movement against PM SHRI
Next Story