അടൂർ ഗോപാലകൃഷ്ണന്‍റെ പ്രസ്താവന അപലപനീയം, പിൻവലിച്ച് മാപ്പ് പറയണം - നഈം ഗഫൂർ
text_fieldsതിരുവനന്തപുരം: എസ്.സി/എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള സിനിമ സംവിധായകർക്ക് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോർപറേഷൻ നൽകിവരുന്ന ഒന്നരക്കോടി രൂപയുടെ ധനസഹായം അഴിമതിക്ക് കാരണമാകുമെന്നും 50 ലക്ഷമാക്കി വെട്ടിക്കുറക്കണമെന്നുമുള്ള അടൂർ ഗോപാലകൃഷ്ണന്‍റെ പ്രസ്താവന തികഞ്ഞ ജാതീയ മനോഭാവത്തിൽ നിന്നുള്ളതാണെന്നും അത് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കെ വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് അടൂർ ഗോപാലകൃഷ്ണൻ. സാമൂഹികമായി പാർശ്വവത്ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ സാംസ്കാരിക പ്രാതിനിധ്യത്തെ ഒരു നിലക്കും വേണ്ട രീതിയിൽ വകവെച്ച് നൽകാത്ത ഇൻഡസ്ട്രി കൂടിയാണ് സിനിമ. നിശ്ശബ്ദമാക്കപ്പെടുകയും വക്രീകരിക്കപ്പെടുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്‍റെ കാഴ്ചകൾക്ക് ഇടം നൽകാനുള്ള എളിയ ശ്രമങ്ങളായ ധനസഹായം പോലും അടൂരിനെ പോലുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നാണ് ഈ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്.
തുല്യപ്രാതിനിധ്യം ഉറപ്പുവരുത്താൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന 'സംവരണം' നൽകുമ്പോൾ കഴിവില്ലാത്തവർക്ക് കൊടുക്കുന്നുവെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്ന അതേ സവർണ ലോജിക്ക് തന്നെയാണ് കഴിവില്ലാത്തവർക്ക് സിനിമ പിടിക്കാൻ ഫണ്ട് നൽകുന്നുവെന്ന അടൂരിന്‍റെ പ്രസ്താവനയിലും ഉള്ളത്. പണ്ട് പി.കെ റോസി എന്ന ദലിത് സ്ത്രീ നടിയായി സിനിമയിൽ വേഷമിട്ടപ്പോൾ തിരുവനന്തപുരത്ത് തിയറ്റർ സ്ക്രീനിന് നേരെ കല്ലെറിഞ്ഞ ഒരു കൂട്ടരുണ്ട്. അന്ന് കല്ലെറിഞ്ഞവരുടെ അതേ ജാതീയ വെറി തന്നെയാണ് പുതിയ കാലത്തെ അടൂരുമാരിലൂടെയും പുറത്തുവരുന്നതെന്നും നഈം ഗഫൂർ പ്രസ്താവനയിൽ വിമർശിച്ചു.
ആ വേദിയിൽ വെച്ചുതന്നെ അടൂർ ഗോപാലകൃഷ്ണന്റെ ജാതിബോധത്തോട് ധീരമായി പ്രതിഷേധിച്ച ഗായിക പുഷ്പവതിക്ക് അഭിവാദ്യങ്ങളും പ്രസ്താവനയിലൂടെ നഈം ഗഫൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

