കണ്ണൂർ: ഇന്ത്യയിലെ സംഘ്പരിവാർ-ഹിന്ദുത്വ ശക്തികൾക്കെതിരെ ഉയരേണ്ടത് സാമൂഹികനീതിയുടെ ബദലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. ഇന്ത്യയിലും കേരളത്തിലും സാമൂഹികനീതിയുടെ ബദൽ രാഷ്ട്രീയത്തിന് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെൻറും നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ പഴയങ്ങാടിയിലെ ശഹീദ് മുഈനുൽ ഹഖ് നഗറിൽ ആരംഭിച്ച ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ്റഹ്മാൻ, വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ എന്നിവർ സംസാരിച്ചു. കർഷക സമരപോരാളികളെ നേതൃസംഗമം അഭിവാദ്യം ചെയ്തു. വിവിധ സെഷനുകളിൽ കെ.കെ. ബാബുരാജ്, ഡോ. പി.കെ. സാദിഖ്, എസ്. ഇർഷാദ്, കെ.വി. സഫീർ ഷാ, ഷിയാസ് പെരുമാതുറ, അർച്ചന പ്രജിത്ത്, കെ.എം. ഷെഫ്റിൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ആദിൽ മുരുക്കുംപുഴ, ഷഹീൻ ശിഹാബ്, പി.എച്ച്. ലത്തീഫ്, അമീൻ റിയാസ്, പി.കെ. നുജയിം, വസീം അലി എന്നിവർ സംസാരിച്ചു. സംഗമം ഞായറാഴ്ച വൈകീട്ട് സമാപിക്കും.