Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാങ്കോ മുളയ്ക്കൽ...

ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ചു -VIDEO

text_fields
bookmark_border
ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ചു -VIDEO
cancel

ന്യൂഡൽഹി: കന്യാസ്ത്രീ​യെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ചു. ​രാജിക്കത്ത് മാർപ്പാപ്പ സ്വീകരിച്ചതായി ഫ്രാങ്കോ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

ജലന്തർ രൂപതയുടെ നല്ലതിനും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ’’– അദ്ദേഹം പറഞ്ഞു.

2018 സെപ്റ്റംബറിൽ ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. അതേസമയം, രാജി അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.


ബിഷപ്പിനെതി​രെ പരാതി നൽകിയത് കന്യാസ്ത്രീ

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു.

ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളക്കൽ. ജലന്ധർ രൂപതാ ആസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമടക്കം കണ്ട കേസാണിത്.

അന്വേഷണത്തിനായെത്തിയ കേരള പൊലീസിന് ബിഷപ്പിനെ കണ്ട് ചോദ്യം ചെയ്യാനുമായില്ല. അന്ന് അന്വേഷണസംഘത്തെ ഏറെ നേരം കാത്തുനിർത്തിച്ചു ബിഷപ്പ്. വിശ്വാസികളുടെ പിന്തുണയും കരുത്തുമായിരുന്നു പിന്നിൽ. കന്യാസ്ത്രീയുടെ പരാതിയിലെ നിജസ്ഥിതിയറിയാൻ പിന്നീട് പലവട്ടം പൊലീസ് വല വീശിയെങ്കിലും ജലന്ധറിൽ വെച്ച് നടക്കില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിപ്പ് നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്.

ഫ്രാങ്കോ മുളക്കലിന് എതിരെ തെളിവുകൾ ശേഖരിച്ച പൊലീസ് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് തീരുമാനിച്ചു. അങ്ങനെയാണ് 2018 സെപ്റ്റംബർ 19ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ.

ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു കാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ കാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു.

ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷവും നാടകീയതകൾ തുടർന്നു. കോടതിയിൽ ഹാജരാക്കാൻ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ബിഷപ്പിന് 'ദേഹാസ്വാസ്ഥ്യം' അനുഭവപ്പെട്ടു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപപരിചരണ വിഭാഗത്തിലേക്ക്. ബിഷപ്പിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് തൊട്ടടുത്ത ദിവസം ഡോക്ടർമാർ വിധിയെഴുതിയതോടെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ കിട്ടി. ഒടുവിൽ റിമാൻഡിലായി ബിഷപ്പ് പാലാ സബ് ജയിലിലേക്ക്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം ലഭിച്ചു.

കേസിനേയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന വ്യവസ്ഥകളോടെയാണ് പുറത്തിറങ്ങിയത്. 2019 ഏപ്രിൽ ഒമ്പതിന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി.

ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകർപ്പുകൾ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്‍റെ അപക്ഷകൾ കോടതിയിലെത്തി. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹരജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി.

മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി, മുതിർന്ന അഭിഭാഷകൻ ആനന്ദ് മിശ്ര തുടങ്ങിയവരാണ് ഹാജരായത്. ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടാണ് സുപ്രീംകോടതി ഹരജി തളളിയത്. ഇതിനിടെ 2020 ആഗസ്റ്റിൽ വിചാരണ തുടങ്ങി.

14 ദിവസം വിചാരണക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചു. ഒടുവിൽ വിചാരണക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെയാണ് ജാമ്യം നൽകിയത്.

ഇതിനിടെ പ്രതിഭാഗം ക്രോസ് വിസ്താരം രണ്ടുമാസം നീട്ടണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളി. രഹസ്യവിചാരണയാണ് നടന്നതെങ്കിലും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയടക്കം കോടതിയിലെത്തി പ്രോസിക്യൂഷനായി മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാർ, പതിനൊന്ന് വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ വിചാരണക്ക് ഹാജരായി. എന്തായാലും കേരളത്തിലെ പൊലീസിന്‍റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ബിഷപ്പ് പ്രതിയായ ബലാത്സംഗക്കേസ്.

ഏറ്റവും അധികം കേരളം ചർച്ച ചെയ്ത കേസുകളിൽ ഒന്നായിരുന്നു ഇത്. 2014 മുതൽ 2016 വരെ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ തന്നെ 13 തവണ ബലാത്സംഗം ചെയ്തു എന്ന് കാണിച്ചാണ് കന്യാസ്ത്രീ പരാതിപ്പെടുന്നത്. ഇവരുടെ പരാതിയെ തുടർന്ന് കോടനാട് വികാരി ഇരുവർക്കുമിടയിൽ അനുരഞജനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. കേസ് കത്തിപ്പടരവെ ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ മഠത്തിലെത്തി യുവതിയെ കണ്ടു. കന്യാ സ്ത്രീകളെയും ബന്ധുക്കളെയും കേസിൽനിന്നും പിൻമാറാൻ വിവിധ കേന്ദ്രങ്ങളിൽനിന്നും ഇതിനിടെ ശ്രമങ്ങളുണ്ടായി. തന്നെ വധിക്കാൻ ശ്രമം നടന്നതായുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. 'സേവ് അവർ സിസ്റ്റേഴ്സ്' എന്ന പേരിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ വിവിധ കോണുകളിൽനിന്നുള്ളവർക്കൊപ്പം കന്യാ സ്ത്രീകളും അണിനിരന്നു. വിശ്വാസ-ആത്മീയ സാധ്യതകൾ ഏറ്റവും മോശമായ രീതിയിൽ ഒരു കുറ്റവാളിക്ക് വേണ്ടി പ്രവർത്തിക്കുന്നത് കേരളം കണ്ടു.

2022 ജ​നു​വ​രി 10നാണ് കേ​സി​ന്‍റെ അ​ന്തി​മ​വാ​ദം പൂ​ര്‍ത്തി​യാ​യത്. ജ​നു​വ​രി 14 കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട്​ ബി​ഷ​പ്പി​നെ കോ​ട്ട​യം ജി​ല്ല അ​ഡീ.​ സെ​ഷ​ൻ​സ്​ കോ​ട​തി വെ​റു​തെ​വി​ട്ടു.

കേസിന്റെ നാൾവഴികൾ:

2018 ജൂ​ണ്‍ 29: മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സി​ന്‍റെ കു​റ​വി​ല​ങ്ങാ​ട്ടെ മ​ഠ​ത്തി​ലെ​ത്തി ബി​ഷ​പ്​ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ 13 ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി കാ​ട്ടി ക​ന്യാ​സ്ത്രീ ന​ൽ​കി​യ പ​രാ​തി​യി​ല്‍ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു

ജൂ​ലൈ 05:ക​ന്യാ​സ്ത്രീ​യു​ടെ ര​ഹ​സ്യ​മൊ​ഴി ച​ങ്ങ​നാ​ശ്ശേ​രി ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്‌​ട്രേ​റ്റ്​ കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി

ജൂ​ലൈ 12: മൊ​ഴി​യി​ല്‍ പ​റ​യു​ന്ന കാ​ല​യ​ള​വി​ല്‍ ബി​ഷ​പ് ക​ണ്ണൂ​ര്‍ പ​രി​യാ​രം, പാ​ണ​പ്പു​ഴ കോ​ൺ​വെ​ന്‍റു​ക​ളി​ല്‍ വ​ന്നി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. സ​ന്ദ​ര്‍ശ​ക ര​ജി​സ്റ്റ​ര്‍ പി​ടി​ച്ചെ​ടു​ത്തു

ജൂ​ലൈ 14: പാ​ലാ ബി​ഷ​പ്​ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ​യും കു​റ​വി​ല​ങ്ങാ​ട് മ​ര്‍ത്ത​മ​റി​യം ആ​ര്‍ച്ച് ഡീ​ക്ക​ന്‍ തീ​ര്‍ഥാ​ട​ന ദേ​വാ​ല​യം ആ​ര്‍ച്ച് പ്രീ​സ്റ്റ്​ ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ​യും മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി

ജൂ​ലൈ 18: ക​ന്യാ​സ്ത്രീ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു. ജ​ല​ന്ത​ര്‍ ബി​ഷ​പ്​ ഫോ​ണി​ലൂ​ടെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും മൊ​ഴി

ജൂ​ലൈ 24: ബി​ഷ​പ്പി​നെ മാ​റ്റി​നി​ര്‍ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വ​നി​ത സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ള്‍ ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ​ക്ക്​ നി​വേ​ദ​നം ന​ല്‍കി.

ജൂ​ലൈ 25: പ​രാ​തി​യി​ല്‍നി​ന്ന്​ പി​ന്മാ​റാ​ൻ വ​ന്‍ വാ​ഗ്​​ദാ​നം ല​ഭി​ച്ച​താ​യി ക​ന്യാ​സ്ത്രീ​യു​ടെ ബ​ന്ധു​വി​ന്‍റെ മൊ​​ഴി

ജൂ​ലൈ 29: ക​ന്യാ​സ്ത്രീ​യെ പി​ന്തു​ണ​ച്ച മ​റ്റൊ​രു ക​ന്യാ​സ്ത്രീ​യെ വൈ​ദി​ക​ന്‍ ഫോ​ണി​ല്‍ വി​ളി​ച്ച് കേ​സ് പി​ന്‍വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഭാ​ഷ​ണം പു​റ​ത്ത്​

ജൂ​ലൈ 30: കേ​സ് ഒ​ത്തു​തീ​ര്‍ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന്​ കു​ര്യ​നാ​ട് സെ​ന്‍റ്​ ആ​ന്‍സ് ആ​ശ്ര​മം പ്രി​യോ​റും സ്‌​കൂ​ള്‍ മാ​നേ​ജ​റു​മാ​യ ഫാ. ​ജ​യിം​സ് ഏ​ര്‍ത്ത​യി​ലി​നെ​തി​രെ പൊ​ലീ​സ് കേ​സ്

ആ​ഗ​സ്റ്റ്​ മൂ​ന്ന്​: തെ​ളി​വെ​ടു​പ്പി​നാ​യി പൊ​ലീ​സ് ഡ​ല്‍ഹി​യി​ല്‍. ഉ​ജ്ജ​യി​ന്‍ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് ഡ​ല്‍ഹി​യി​ലെ​ത്തി​യ​ത്

ആ​ഗ​സ്റ്റ്​ ഏ​ഴ്​: അ​വ​ധി​യി​ലാ​യി​രി​ക്കു​മ്പോ​ഴും കേ​സി​ല്‍ ഇ​ട​പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍ന്ന്​ കു​റ​വി​ല​ങ്ങാ​ട് എ​സ്.​ഐ ഷി​ന്‍റോ പി. ​കു​ര്യ​നെ സ്ഥ​ലം മാ​റ്റി. ബി​ഷ​പിനെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി സ​ര്‍ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി

ആ​ഗ​സ്റ്റ് എട്ട്​: അ​ന്വേ​ഷ​ണ​സം​ഘം ജ​ല​ന്ധ​റി​ൽ. മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന്ന്യ​സ്ത സ​മൂ​ഹം മ​ദ​ര്‍ ജ​ന​റ​ല്‍, ക​ന്യാ​സ്ത്രീ​ക​ൾ എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ത്തു

ആ​ഗ​സ്​​റ്റ്​ 13: ജ​ല​ന്ത​റി​ല്‍ ബി​ഷ​പ്പി​നെ കേ​ര​ള പൊ​ലീ​സ് ചോ​ദ്യം​ചെ​യ്തു. അ​റ​സ്റ്റ്​ ആവ​ശ്യ​പ്പെ​ട്ട്​ കേ​ര​ള കാ​ത്ത​ലി​ക് ച​ര്‍ച്ച് റി​ഫ​ര്‍മേ​ഷ​ന്‍ മൂ​വ്‌​മെ​ന്‍റ്​ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി

ആ​ഗ​സ്റ്റ്​ 30: കോ​ത​മം​ഗ​ലം സ്വ​ദേ​ശി സോ​ബി ജോ​ര്‍ജി​​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​ കേ​സി​ല്‍ ഒ​ത്തു​തീ​ര്‍പ്പു​നീ​ക്കം ന​ട​ത്തി​യ​തെ​ന്ന്​ ഫാ. ​ജ​യിം​സ് ഏ​ര്‍ത്ത​യി​ന്‍റെ​ മൊ​ഴി

സെ​പ്റ്റം​ബ​ര്‍ എ​ട്ട്​: ബി​ഷ​പ്പി​ന്‍റെ അറസ്​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജോ​യ​ന്‍റ്​ ക്രി​സ്ത്യ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ സ​മ​രം. കു​റ​വി​ല​ങ്ങാ​ട്ടെ ക​ന്യാ​സ്ത്രീ​ക​ളും സ​മ​ര​ത്തി​ൽ

സെ​പ്റ്റം​ബ​ര്‍ 11: പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രെ വി​മ​ര്‍ശ​ന​വു​മാ​യി ബി​ഷ​പ്പ്​ ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍

സെ​പ്റ്റം​ബ​ര്‍ 12: സ​മ​രം ചെ​യ്യു​ന്ന ക​ന്യാ​സ്ത്രീ​ക​ള്‍ക്കെ​തി​രെ മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന്യ​സ്ത സ​ഭ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ഷ​പ്പി​ന്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നോ​ട്ടീ​സ്

സെ​പ്റ്റം​ബ​ര്‍ 13: ബി​ഷ​പ്പി​നെ​തി​രാ​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മെ​ന്നും സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ഹൈ​കോ​ട​തി

സെ​പ്റ്റം​ബ​ര്‍ 14: ബി​ഷ​പ്​ ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന​സ്ത സ​ഭ​യു​ടെ അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട്. ഇ​ര​യാ​യ ക​ന്യാ​സ്ത്രീ​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​ന്​ മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സി​നെ​തി​രെ കേ​സ്.

സെ​പ്റ്റം​ബ​ര്‍ 15: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ ജ​ല​ന്ധ​ർ രൂ​പ​ത ഭ​ര​ണ​ച്ചു​മ​ത​ല​ക​ള്‍ ഒ​ഴി​ഞ്ഞു. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​പ​ടി​ക​ളെ​ന്ന്​ സി.​ബി.​സി.​ഐ

സെ​പ്റ്റം​ബ​ര്‍ 17: കേ​സി​ല്‍ ശ്ര​ദ്ധ​ചെ​ലു​ത്താ​ന്‍ താ​ല്‍ക്കാ​ലി​ക​മാ​യി ചു​മ​ത​ല​ക​ളി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ​ മാ​ര്‍പ്പാ​പ്പ​ക്ക്​ ക​ത്തു​ന​ല്‍കി

സെ​പ്റ്റം​ബ​ര്‍ 19: ബി​ഷ​പ്പ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ മു​ന്നി​ൽ. തൃ​പ്പൂ​ണി​ത്തു​റ വ​നി​ത സെ​ല്‍ ഓ​ഫി​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഏ​ഴു​മ​ണി​ക്കൂ​ര്‍ ചോ​ദ്യം​ചെ​യ്യ​ൽ

സെ​പ്റ്റം​ബ​ര്‍ 21: ബി​ഷ​പ്​ ഫ്രാ​​ങ്കോ മു​ള​യ്ക്ക​ൽ അ​റ​സ്റ്റി​ൽ. മൂ​ന്നു​ദി​വ​സ​ത്തെ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്​

സെ​പ്റ്റം​ബ​ര്‍ 23: ബി​ഷ​പ് ഫ്രാ​ങ്കോ​യെ കു​റ​വി​ല​ങ്ങാ​ട് മ​ഠ​ത്തി​ല്‍ എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്

സെ​പ്​​റ്റം​ബ​ര്‍ 26: ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പ്ര​തി​യാ​യ ര​ണ്ടു അ​നു​ബ​ന്ധ കേ​സു​ക​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി

2019 ജ​നു​വ​രി ഒ​മ്പ​ത്​: ജി​തേ​ഷ് ജെ. ​ബാ​ബു​വി​നെ കേ​സി​ല്‍ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു

മാ​ര്‍ച്ച് 16: കേ​സി​ല്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ബി​ഷ​പ്​ ഫ്രാ​ങ്കോ​യു​ടെ ഹ​ര​ജി വി​ചാ​ര​ണ​കോ​ട​തി ത​ള്ളി

2019 ഏ​പ്രി​ല്‍ ഒ​മ്പ​ത്​: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രെ പാ​ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

ജൂ​ലൈ 13: തു​ട​ര്‍ച്ച​യാ​യ വി​ചാ​ര​ണ​ക്ക്​ ഹാ​ജ​രാ​കാ​തി​രു​ന്ന ബി​ഷ​പ് ഫ്രാ​ങ്കോ​യു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്ത് അ​റ​സ്റ്റ്​ ചെ​യ്യാ​ന്‍ ഉ​ത്ത​ര​വ്

2020 സെ​പ്റ്റം​ബ​ര്‍ 16: കേ​സി​ന്‍റെ വി​ചാ​ര​ണ കോ​ട്ട​യം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍ കോ​ട​തി ഒ​ന്നി​ല്‍ തു​ട​ങ്ങി

ന​വം​ബ​ർ അ​ഞ്ച്​: കേ​സി​ല്‍നി​ന്ന്​ വി​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്ന ബി​ഷ​പ് ഫ്രാ​ങ്കോ​യു​ടെ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി

മാ​ര്‍ച്ച് 12: എ​ട്ടാം​സാ​ക്ഷി ഭ​ഗ​ത്പൂ​ര്‍ ബി​ഷ​പ് ഡോ. ​കു​ര്യ​ന്‍ വ​ലി​യ​ക​ണ്ട​ത്തി​ലി​നെ വി​സ്ത​രി​ച്ചു

2021 ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന്​: ക​ര്‍ദി​നാ​ര്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യെ വി​സ്ത​രി​ച്ചു

2022 ജ​നു​വ​രി 10: കേ​സി​ന്‍റെ അ​ന്തി​മ​വാ​ദം പൂ​ര്‍ത്തി​യാ​യി

2022 ജ​നു​വ​രി 14: കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട്​ ബി​ഷ​പ്പി​നെ കോ​ട്ട​യം ജി​ല്ല അ​ഡീ.​ സെ​ഷ​ൻ​സ്​ കോ​ട​തി വെ​റു​തെ​വി​ട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bishopjalandharBishop Franco Mulakkal
News Summary - Franco Mulakkal resigned as bishop of jalandhar
Next Story