കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെ എല്ലാ അധികാര സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്.പിക്ക് പരാതി. ജലന്ധർ രൂപതയുടെ അധികാരസ്ഥാനങ്ങളിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. പാലാ രാമപുരം സ്വദേശി ജോർജ് ജോസഫാണ് പരാതിയുമായി എസ്.പിയെ സമീപിച്ചത്.
റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻ ചട്ടത്തിന്റെ സി (2) വകുപ്പിൽ മാനേജർ എന്ന പദവിയുടെ നിർവചനത്തിൽപ്പെട്ട വ്യക്തിയാണ് ബിഷപ് ഫ്രാങ്കോ മുളക്കൽ. ഈ ചട്ടപ്രകാരം നടപടിയെടുക്കണം. ജലന്ധർ രൂപതയുടെ കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളുടെ അധിപനും കൂടിയാണ് അദ്ദേഹം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ കുറ്റപത്രത്തിൽ ഫ്രാങ്കോ മുളക്കൽ അധികാരവും സ്ഥാനവും ദുരുപയോഗിച്ചെന്ന് പറയുന്നുണ്ട് . ഇത് റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻ ചട്ടത്തിന് വിരുദ്ധമാണ്. കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോഴും ജലന്ധർ രൂപതയുടെ ബിഷപ് സ്ഥാനത്ത് തുടരുന്നത് നിയമവിരുദ്ധമാണെന്നും ജോർജ് ജോസഫ് പരായിൽ വ്യക്തമാക്കുന്നു.
കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തിയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന് നിര്‍ദ്ദേശമുണ്ട്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം.