തിരുവഞ്ചൂരിന് പിന്നാലെ സുകുമാരൻ നായരെ കണ്ട് ഫ്രാൻസിസ് ജോർജ്; ‘വിശ്വാസത്തോടും വിശ്വാസികളോടും എൽ.ഡി.എഫിന് ആത്മാർഥയില്ല’
text_fieldsഫ്രാൻസിസ് ജോർജ്, ജി. സുകുമാരൻ നായർ
കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. കൂടിക്കാഴ്ച നടത്തി.
പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്ത് എത്തിയാണ് ജനറൽ സെക്രട്ടറിയെ കണ്ടത്. എൻ.എസ്.എസുമായി തന്‍റെ പിതാവിന്‍റെ കാലം മുതൽ അടുത്ത ബന്ധമാണുള്ളത്. മിക്കവാറും താൻ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിക്കാറുണ്ടന്നും ഇതും സൗഹൃദ സന്ദർശനം മാത്രമാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
വിശ്വാസത്തോടും വിശ്വാസികളോടും യാതൊരു ആത്മാർഥയും ഇല്ലാത്ത എൽ.ഡി.എഫ് സർക്കാർ നടത്തിയ അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കഴിഞ്ഞ ഒമ്പതര വർഷം ആയിട്ടും സംസ്ഥാന സർക്കാർ ശബരിമലയിൽ യാതൊരു വികസന പ്രവർത്തനങ്ങളും അസൂത്രണം ചെയ്യുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഇത്തരം സംഗമങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ എന്നിങ്ങനെയുള്ള വസ്തുക്കളുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാത്തത് സംബന്ധിച്ചുള്ള ഹൈകോടതിയുടെ നിരീക്ഷണം വളരെ ഗൗരവത്തോടെ കാണണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭങ്ങളിൽ പങ്കുത്തവർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ എത്രയും വേഗം പിൻവലിക്കാൻ തയാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
അതേസമയം, ജി. സുകുമാരൻ നായരുമായി കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും കൂടിക്കാഴ്‌ച നടത്തിയിരുന്നു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് കോട്ടയം എം.എൽ.എ കൂടിയായ തിരുവഞ്ചൂർ കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് തുടരുന്ന അനുനയ ശ്രമത്തിന്‍റെ ഭാഗമായാണ് സന്ദർശനമെന്നാണ് വിവരം.
എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവർത്തിക്കുന്നതിനിടെയാണ് തിരുവഞ്ചൂരിന്‍റെ സന്ദർശനം. കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കഴിഞ്ഞദിവസം എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. സുകുമാരൻ നായരുമായി ചർച്ച നടത്തിയ തിരുവഞ്ചൂർ വിശദാംശം വ്യക്തമാക്കാൻ തയാറായില്ല.
ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടിനെ ബഹുമാനത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം, അനുനയ നീക്കങ്ങളുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരൻ നായർ തന്‍റെ നീരസം അറിയിച്ചതായാണ് വിവരം. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചനയില്ലെന്ന പരാതി അദ്ദേഹം ഉന്നയിച്ചതായി അറിയുന്നു.
യഥാർഥത്തിൽ കോൺഗ്രസും എൻ.എസ്.എസും തമ്മിൽ യാതൊരു അകൽച്ചയുമില്ലെന്നും വ്യാഖ്യാനിച്ച് അകൽച്ചയുണ്ടാക്കുന്നത് എന്തിനെന്നും തിരുവഞ്ചൂർ ചോദിച്ചു. എൻ.എസ്.എസുമായി ഒരു മധ്യസ്ഥ ചർച്ചയുടെ ആവശ്യമില്ലെന്നതാണ് തന്റെ അനുഭവം. സ്വന്തം നിലപാടിൽ വെള്ളം ചേർക്കാതെ മുന്നോട്ടു പോകുന്ന സംഘടനയാണ് എൻ.എസ്.എസെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

