Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞത്തെ ആക്രമണം ആസൂത്രിത തിരക്കഥ, പിന്നിൽ സർക്കാറും അദാനിയും -ഫാ. യൂജിൻ പെരേര

text_fields
bookmark_border
ജുഡീഷ്യൽ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണം
വിഴിഞ്ഞത്തെ ആക്രമണം ആസൂത്രിത തിരക്കഥ, പിന്നിൽ സർക്കാറും അദാനിയും -ഫാ. യൂജിൻ പെരേര
cancel

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രിയുണ്ടായ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയാണെന്ന് സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര. ഞങ്ങളെ പ്രതിരോധിക്കാനും നിർവീര്യമാക്കാനും അധിക്ഷേപിക്കാനും നാടകീയമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തെ ദുർബലമാക്കാൻ അദാനിയുടെയും സർക്കാറിന്‍റെയും പിൻബലത്തോടെയാണ് ഇതെല്ലാം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസ് കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് അന്വേഷിക്കാൻ വിഴിഞ്ഞം ഇടവകയിൽനിന്ന് പ്രതിനിധികളായി പൊലീസ് സ്റ്റേഷനിൽ പോയ നാലു പേരെയും പിടിച്ച് എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇത് കേട്ടതോടെയാണ് ജനം രോഷാകുലരായി എത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ത്രീകളാണ് ആദ്യം എത്തിയത്. പൊലീസ് വാഹനം തകർത്തത് ബാഹ്യ ശക്തികളാണെന്നാണ് സ്ത്രീകൾ പറയുന്നത്. അദാനിയുടെ ഏജന്‍റുമാർ അവിടെ ഇടപെട്ടിട്ടുണ്ട്. അടുത്ത കെട്ടിടത്തിൽനിന്നാണ് കല്ലെറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കട്ടെ. പൊലീസിന് പരിക്കേറ്റിട്ടുണ്ട്, അതിനെ ന്യായീകരിക്കുന്നില്ല. അത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ഫാദർ പറഞ്ഞു.

വിഴിഞ്ഞത്ത് കഴിഞ്ഞ രണ്ട് ദിവസം നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നും സമരത്തിൽ പങ്കെടുക്കാത്ത ആളുകളെ കള്ളക്കേസിൽ കുടുക്കിയെന്നും ആരോപിച്ച് ഇന്നലെ രാത്രിയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേർക്ക് ആക്രമണം നടന്നത്. സംഭവത്തിൽ 3000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിനെ ബന്ദിയാക്കിയെന്നും കസ്റ്റഡിയിലെടുത്തവരെ വിട്ടില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിച്ചെന്നും 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറിലുണ്ട്.

സ്ത്രീകളടക്കം ആയിരക്കണക്കിന് വരുന്ന സമരക്കാരാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞത്. രണ്ട് പൊലീസ് ജീപ്പുകൾ അടക്കം നാല് പൊലീസ് വാഹനങ്ങൾ തകർത്ത സമരക്കാർ പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും മർദിച്ചു. സ്റ്റേഷനിലെ ഷെഡും തകർത്തു. സ്റ്റേഷനുമുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച് അതിലെ തടിക്കഷണങ്ങൾ കൊണ്ട് പൊലീസുകാരെ ആക്രമിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ഉൾ​െപ്പടെ സ്റ്റേഷനുള്ളിൽ കയറി ഗ്രിൽ അടച്ചിട്ടാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ കരമന പൊലീസ് സ്റ്റേഷനിലെ ജീപ്പും തകർത്തു. തുടർന്ന് വിഴിഞ്ഞം സ്റ്റേഷനുള്ളിൽ നിർത്തിയിട്ട മൂന്ന് ജീപ്പുകൾ അടിച്ചുതകർത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ എത്തിയ 108 ആംബുലൻസും തടഞ്ഞു. സാരമായി പരിക്കേറ്റ്​ സ്റ്റേഷനുള്ളിൽ അഭയം തേടിയ ഒമ്പത്​ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് പല തവണ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. മൂന്ന് മണിക്കൂറോളം പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ പരിസരം. തുടർന്ന്​ സമരാനുകൂലികൾക്ക്​ നേരെ രാത്രിയോടെ പൊലീസ്​ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fr Eugene Perera about vizhinjam police station attack
Next Story