Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

text_fields
bookmark_border
പൊലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ജില്ലകളിൽ ഇനിമുതൽ എല്ലാ മാസത്തിലെയും നാലാം ശനിയാഴ്ച 'അഭിനന്ദന ദിന'മായി ആചരിക്കും. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും സമൂഹത്തിന് മാതൃകയാകുന്ന പൊതുജനങ്ങളെയും ആദരിക്കുന്നതിനായാണ് പുതിയ പദ്ധതി. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയൻ ഇത് സംബന്ധിച്ച് എല്ലാ ജില്ല പോലീസ് മേധാവിമാർക്കും നിർദേശം നൽകി.

സേനാംഗങ്ങളുടെ ആത്മവീര്യം വർധിപ്പിക്കാനും കർത്തവ്യനിർവഹണത്തിൽ കൂടുതൽ മികവ് പുലർത്താൻ അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിനുപുറമെ, പൊലീസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കാനും അഭിനന്ദന ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

തൊട്ടുമുൻപത്തെ മാസത്തിൽ മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണമികവ്, ധീരത, അർപ്പണബോധത്തോടെയുള്ള സേവനം എന്നിവ തെളിയിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തിയാണ് ആദരിക്കുക. പൊലീസിന് വിലപ്പെട്ട സഹായം നൽകുകയോ പൊതുസുരക്ഷയ്ക്കായി ശ്രദ്ധേയമായ സംഭാവനകൾ നൽകുകയോ ചെയ്ത സാധാരണക്കാർക്കും ചടങ്ങിൽ ആദരമൊരുക്കും.

ജില്ല, യൂനിറ്റ് ആസ്ഥാനങ്ങളിലാണ് ചടങ്ങ് സംഘടിപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും സഹപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റുകളോ മൊമെന്റോകളോ നൽകും. ചടങ്ങുകളിൽ ജില്ല പൊലീസ് മേധാവിമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് എ.ഡി.ജി.പിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. സോണൽ ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും സാധ്യമാകുന്ന സാഹചര്യങ്ങളിലെല്ലാം പരിപാടിയുടെ ഭാഗമാകണം.

ഏതെങ്കിലും അപ്രതീക്ഷിത കാരണങ്ങളാൽ നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താൻ കഴിഞ്ഞില്ലെങ്കിൽ, ആ മാസത്തിൽ തന്നെ മറ്റൊരു ദിവസം ചടങ്ങ് സംഘടിപ്പിക്കണം. ഓരോ മാസവും ആദരിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങളും അവർ ചെയ്ത പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ജില്ല തലത്തിൽ കൃത്യമായി രേഖപ്പെടുത്തണം. പരിപാടിയുടെ റിപ്പോർട്ടും ചിത്രങ്ങളും തൊട്ടടുത്ത മാസത്തെ ഒന്നാം തീയതിക്ക് മുൻപായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Police to Observe 'Appreciation Day' on Fourth Saturdays
Next Story