കരിപ്പൂർ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റൺവേ വ്യക്തമാകാത്തതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ തിരിച്ചുവിട്ടു. ചൊവ്വാഴ്ച പുലർച്ച 3.30നും 7.20നും ഇടയിലെത്തിയ മൂന്നെണ്ണം കൊച്ചിയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്.
പുലർച്ചെ 3.30ന് 123 യാത്രക്കാരുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യയാണ് കോയമ്പത്തൂരിൽ ഇറങ്ങിയത്. 81 യാത്രക്കാരുമായി പുലർച്ച 4.55ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, 94 യാത്രക്കാരുമായി ദുബൈയിൽനിന്ന് രാവിലെ 6.35ന് എത്തിയ ഫ്ലൈ ദുബൈ, 7.20ന് അബൂദബിയിൽനിന്ന് 112 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് കൊച്ചിയിൽ ഇറങ്ങിയത്. ഇൗ വിമാനങ്ങൾ പിന്നീട് രാവിലെ പത്തിനകം കരിപ്പൂരിൽ തിരിച്ചെത്തി.
9.25ന് തിരിച്ചെത്തിയ ഫ്ലൈ ദുബൈ വിമാനം ക്രൂവിെൻറ ജോലി സമയം അവസാനിച്ചതിനാൽ രാത്രിയിലേക്ക് സർവിസ് പുനഃക്രമീകരിച്ചു. 9.30ന് എത്തിയ എയർ അറേബ്യ വിമാനം ഉച്ചക്ക് 12ന് ഷാർജയിലേക്ക് മടങ്ങി.