അടിമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം, ദുരൂഹതയില്ല
text_fieldsഅടിമാലി (ഇടുക്കി): കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിൽ വീടിനു തീപിടിച്ച് നാലുപേർ മരിക്കാനിടയായത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ ഫോറൻസിക് സംഘത്തിന്റ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപടർന്നതായുള്ള സൂചനകൾ ലഭിച്ചത്.
തെള്ളിപ്പടവിൽ പൊന്നമ്മ (70), മകൻ പരേതനായ അനീഷിന്‍റെ ഭാര്യ ശുഭ (35), മക്കളായ അഭിനന്ദ് (9), അഭിനവ് (5) എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വീട്ടിൽനിന്ന് കണ്ടെടുത്തു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് വിലയിരുത്തൽ. പൊലീസും ഡോഗ് സ്ക്വാഡും രാവിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
അഭിനവിന്റെ മൃതദേഹം നാട്ടുകാർ ശനിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ കൂടുതൽ പരിശോധനകൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടിൽ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. അടുത്ത് മറ്റൊരു വീട് ഉണ്ടെങ്കിലും അവിടെ ആരും ഇല്ലായിരുന്നു.
ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറംലോകമറിഞ്ഞത്. ഓട് മേഞ്ഞ വീട് പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു. ഇവർ താമസിക്കുന്ന വീടിന്‍റെ 500 മീറ്റർ ചുറ്റളവിൽ മറ്റു വീടുകൾ ഇല്ലാത്തതാണ് സംഭവം പുറത്തറിയാൻ വൈകിയത്. രണ്ട് ഏക്കറിലധികമുള്ള കൃഷിയിടത്തിനു നടുവിലാണ് വീട്. ചുറ്റുപാടും കൃഷിയിടങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

