കിഴിശ്ശേരിയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ നാലുപേര്‍ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊണ്ടോട്ടി: കിഴിശ്ശേരി കുഴിയംപറമ്പില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിൽ. എടവണ്ണ കുന്നുപുറത്ത് പനച്ചിക്കല്‍ വീട്ടില്‍ മുബഷീര്‍ (39), പൂക്കൊളത്തൂര്‍ പുല്‍പ്പറ്റ കുന്നിക്കല്‍ സൈജു (33), കിഴിശ്ശേരി കുഴിയംപറമ്പ് പാറക്കടത്ത് വീട്ടില്‍ നൗഫല്‍ (37), ഓമാനൂര്‍ പള്ളിപ്പുറായ കരപ്പക്കുന്ന് വീട്ടില്‍ ഷാജ മര്‍വാന്‍ (23) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
കുഴിയംപറമ്പ് ചര്‍ച്ചിന് സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്താണ് (26) ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കിഴിശ്ശേരി കുഴിയംപറമ്പ് ജി.എല്‍.പി സ്കൂളിന് സമീപത്ത് കുത്തേറ്റ് കൊല്ലപ്പെട്ടത്. നൗഫലിന്റെ അടുത്തേക്ക് മുബഷീറുൾപ്പെട്ട മൂന്നംഗ സംഘം ഓട്ടോയിലെത്തി വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട പണമിടപാടുമായി സംബന്ധിച്ച് സംസാരിക്കവെയാണ് വാക്കേറ്റമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇത് കണ്ട് സ്ഥലത്തെത്തിയ നൗഫലിന്റെ സുഹൃത്തുകൂടിയായ പ്രജിത്ത് തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മുബഷീര്‍ കത്തിയെടുത്ത് കുത്തുകയായിരുന്നെന്നാണ് വിവരം.
നെഞ്ചിലേറ്റ കുത്താണ് പ്രജിത്തിന്റെ മരണകാരണമായത്. നൗഫലിന്റെ കൈക്കും കത്തികൊണ്ട് മുറിവേറ്റു. ബഹളത്തിനിടെ അക്രമികള്‍ ഓട്ടോയില്‍തന്നെ രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ നൗഫലില്‍നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. രക്ഷപ്പെടാനായി എടവണ്ണപ്പാറയില്‍നിന്ന് കോഴിക്കോട്ടേക്ക് ബസില്‍ സഞ്ചരിക്കുന്നതിനിടെ മുബഷിറിനെയും സൈജുവിനെയും ഞായറാഴ്ച രാത്രി എട്ടോടെ പൊലീസ് പിടികൂടുകയായിരുന്നു.
ഷാജ മര്‍വാന്‍ സ്റ്റേഷനില്‍ കീഴടങ്ങി. നൗഫലിനെ പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിചേർത്തിരിക്കുന്നത്. മുബഷീറിനെയും സൈജുവിനെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കത്തിയും മുബഷീറിന്റെ ചെരിപ്പും കണ്ടെടുത്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

