അഗ്നിക്കിരയായത് കുടുംബത്തിലെ നാല് പേർ; വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചത് ഞായറാഴ്ച രാവിലെ
text_fields1) കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാലു പേരുടെ മരണത്തിനിടയാക്കിയ വീട്, 2) വീടിന് തീപടർന്ന് മരിച്ച ശുഭ മക്കളായ അഭിനന്ദ്, അഭിനവ്
അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് മരിച്ചത് അമ്മയും രണ്ട് കുട്ടികളും വയോധികയുമടക്കം നാല് പേർ. കൊന്നത്തടി കൊമ്പൊടിഞ്ഞാൽ തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (35), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാലുപേർ മരിച്ച ദാരുണ സംഭവം ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആൾ താമസം കുറവുള്ള പ്രദേശമായതിനാൽ വെള്ളിയാഴ്ച രാത്രി നടന്ന അപകടം ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശവാസികൾ അറിയുന്നത്. ഇവർ താമസിച്ചിരുന്ന ഓട് മേഞ്ഞ വീട് പൂർണമായും കത്തി നശിച്ച നിലയിലാണ് .
പൊന്നമ്മയും ശുഭയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ടാക്സി ഡ്രൈവറായിരുന്ന അനീഷ് മൂന്നു വർഷംമുൻപ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. അനീഷിന്റെ മൂന്നാം ചരമവാഷികദിനം കഴിഞ്ഞ ഏഴിനായിരുന്നു. ഇതിനിടെയാണ് കുടുംബത്തെ ഒന്നടങ്കം വിഴുങ്ങിയ ദുരന്തം ഉണ്ടായത്. ശനിയാഴ്ച സന്ധ്യയോടെ പ്രദേശവാസികൾ വിവരമറിഞ്ഞ് എത്തുമ്പോൾ അഗ്നിക്കിരയായി കിടക്കുന്ന വീടാണ് കാണുന്നത്. പരിശോധനയിൽ കണ്ട അഭിനവിന്റെ മൃതദേഹം രാത്രി തന്നെ നാട്ടുകാർ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു. ജീവൻ ഉണ്ടെന്ന തോന്നലിലാണ് എത്തിച്ചതെങ്കിലും മരണം നേരത്തേ സംഭവിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
പിന്നീട് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടത്. ഞായറാഴ്ച രാവിലെ ഫോറൻസിക് , ഡോഗ് സ്ക്വാഡ് പരിശോധനകൾക്ക് ശേഷം മറ്റ് മൂന്നു പേരുടെ ലഭ്യമായ തലയോട്ടിയും എല്ലിൽ കഷണങ്ങളുമടക്കം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ ശരീരം പൂർണമായി കത്തി അമർന്നിരുന്നു. മൺ കട്ടയിൽ ഭിത്തി നിർമ്മിച്ച് ഓട് മേഞ്ഞ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മൺ ഭിത്തികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, ഇടുക്കി ഡിവൈ.എസ്.പി ജിൽസൻ മാത്യു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സജീവ് ചെറിയാൻ, വെള്ളത്തൂവൽ എസ്.എച്ച്.ഒ അജിത് കുമാർ, സബ് ഇൻസ്പെക്ടർ ചാർളി തോമസ് എന്നിവരുടെ നേതൃത്ത്വത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. സംഭവത്തിൽ ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങളുള്ളതായി അറിവില്ലെന്ന് ബന്ധുക്കളും പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അപകട കാരണം സംബന്ധിച്ച് വ്യക്തത വരുത്താനുള്ള അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

