'ബന്ധുക്കളെ മൃതദേഹം കാണാൻ അനുവദിക്കരുത്, പണം ലഭിക്കേണ്ടവർ രാവിലെ വീട്ടിലെത്താനും ബിജു കടക്കാരോട് പറഞ്ഞു'
text_fieldsപെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. പുലർച്ചെ തന്നെ ചേലാമറ്റം ഗ്രാമം ഉണർന്നത് ഈ വാർത്ത കേട്ടാണ്. പാറപ്പുറത്തുകുടി വീട്ടിൽ ബിജു(46), ഇദ്ദേഹത്തിന്‍റെ ഭാര്യ അമ്പിളി (39), മക്കളായ ആദിത്യൻ(15), അർജ്ജുൻ(13) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ രണ്ടു പേരും ഹാളിലും, ബിജുവും, ഭാര്യ അമ്പിളിയും കിടപ്പ് മുറിയിലുമാണ് മരിച്ചു കിടന്നത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ബിജുവിന്‍റെ വീടിനു മുന്നിൽ തടിച്ചു കൂടിയവർ
തൊട്ടടുത്ത വീട്ടിലെ വരാന്തയിൽ ഇവർ കൊണ്ടു വെച്ച പാൽ പാത്രത്തിന് അടിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അതിൽ ബിജുവിന് പണം നൽകാനുള്ളവരുടെ പേരും ഫോൺ നമ്പറും കടം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയിട്ടുണ്ട്. പത്തു ലക്ഷത്തിൽ അധികം കടം ബിജുവിനുണ്ടെന്നാണ് വിവരം. തനിക്ക് തരാനുള്ളവരിൽ നിന്ന് പണം വാങ്ങി കടക്കാർക്ക് നൽകണമെന്നും കുറിപ്പിലുണ്ട്. ഇയാൾ എഴുതിയ പ്രകാരം ലക്ഷത്തിലധികം രൂപ ലഭിക്കാനുണ്ട്. ഇതിനൊപ്പം വെച്ച സ്വർണാഭരണം വിറ്റ് അന്ത്യകർമങ്ങൾ നടത്തണമെന്ന് കുറിപ്പിലുണ്ട്. ചിട്ടി നടത്തിയതിന്‍റെ പണം നൽകേണ്ട അവസാന ദിവസമായിരുന്നു ഇന്നെന്ന് പറയുന്നു.
ഡിസംബർ 31നകം എല്ലാവർക്കും പണം നൽകാമെന്നായിരുന്നു അറിയിച്ചത്. വാക്കു പാലിക്കാതെ വന്നതോടെ പുതിയൊരു വർഷം വരുന്നതു കാത്തു നിൽക്കാതെ കുടുംബത്തോടൊപ്പം മരണം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. പ്രദേശത്ത് ചിട്ടി നടത്തി പൊട്ടിയതാണ് ഇദ്ദേഹത്തെ വലിയ കടക്കാരനാക്കിയതെന്നും അതിൽ ഏറെ വിഷമത്തിലായിരുന്നതായും അയൽവാസികൾ പറയുന്നു.
ചിലരുടെ പേരുകൾ വീടിന്‍റെ ചുമരിൽ എഴുതി 'ഇവർക്ക് സന്തോഷിക്കാൻ അവരെ എന്‍റെ കുടുംബത്തിലെ ശരീരം കാണാൻ അനുവദിക്കരുത്' എന്നും എഴുതിയിട്ടുണ്ട്. ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

