വാഹനാപകടം; മണിക്കൂറുകൾക്കിടെ പൊലിഞ്ഞത് നാലു ജീവനുകൾ
text_fieldsകൊളഗപ്പാറയിൽ അപകടത്തിൽ തകർന്ന ഗുഡ്സ് ഓട്ടോ
സുൽത്താൻ ബത്തേരി: ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനാപകടങ്ങളിലായി രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വൈത്തിരി പഞ്ചായത്ത് ഓഫിസിനു സമീപം ദേശീയപാതയിൽ ബുധനാഴ്ച രാത്രി 10ന് അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ലക്കിടി ഓറിയൻറൽ കോളജ് വിദ്യാർഥികളായ രണ്ടുപേർ മരിച്ചു. പിന്നാലെ വ്യാഴാഴ്ച രാവിലെ ആറോടെ ദേശീയപാതയിൽ കൊളഗപ്പാറ കവലക്കടുത്ത ഗുഡ്സ് ഓട്ടോ (എയ്സ്) മരത്തിലിടിച്ച് രണ്ടുപേരും മരിച്ചു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കുന്നത്.
ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുമ്പോഴും അധികൃതർ ഉണരുന്നില്ല. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ കർശന നടപടി വേണമെന്നാണ് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയരുന്നത്. മീനങ്ങാടി-ബത്തേരി റൂട്ടിൽ ടാറിങ്ങിനുശേഷമാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ആവർത്തിക്കും. മീനങ്ങാടിക്കുശേഷം അമ്പലപ്പടിയാണ് വലിയ അപകട മേഖല. നിരവധി അപകടങ്ങളും ജീവനുകളും ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കൃഷ്ണഗിരി വളവ്, പാതിരിപ്പാലം, കൊളഗപ്പാറ കയറ്റിറക്കം, കൊളഗപ്പാറ പള്ളിവളവ് എന്നിവിടങ്ങളിലും അപകടങ്ങൾ ആവർത്തിക്കുന്നു.
ഇവിടത്തെ അപകടങ്ങളിൽ ഒന്നുകിൽ ജീവൻ നഷ്ടപ്പെടും. അല്ലെങ്കിൽ പരിക്ക് ഗുരുതരമായിരിക്കുമെന്നതാണ് പതിവ്. കൃഷ്ണഗിരി വളവിനടുത്താണ് സാധാരണ മോട്ടോർ വാഹന വകുപ്പ് ആധുനിക സംവിധാനങ്ങളുമായി വേഗപരിശോധന നടത്താറുള്ളത്. പരിശോധന ഇല്ലാത്ത സമയങ്ങളിൽ വാഹനങ്ങൾ ചീറിപ്പായുകയാണ്. ഹൈവേ പേട്രാളിങ് ശക്തമാക്കിയാൽ അപകടങ്ങൾ കുറക്കാനാകും.
വൈത്തിരി അപകടത്തിൽ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കുരിയനാട് സ്വദേശി സെബിൻ ബാബു (21) എന്നിവരാണ് മരിച്ചത്.
വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

