‘പ്രോജക്ട് സീറോ-കറപ്ഷൻ ഫ്രീ കേരളം’ പദ്ധതിക്ക് നാല് തലങ്ങൾ
text_fieldsതിരുവനന്തപുരം: വിജിലൻസിന്റെ അഴിമതി രഹിത കേരളം (‘പ്രോജക്ട് സീറോ-കറപ്ഷൻ ഫ്രീ കേരളം) പദ്ധതി നടപ്പാക്കുന്നത് നാല് തലങ്ങളായി തിരിച്ചെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. പ്രോ-ആക്ടീവ് വിജിലൻസ്, പ്രിവന്റീവ് വിജിലൻസ്, ഡിജിറ്റൽ വിജിലൻസ്, പാർട്ടിസിപ്പേറ്റീവ് വിജിലൻസ് എന്നിവയാണത്.
പ്രോ-ആക്റ്റീവ് വിജിലൻസിന്റെ ഭാഗമായി അഴിമതി കണ്ടെത്താനും, തടയാനുമായി കൂടുതൽ കെണിയൊരുക്കും. മിന്നൽ പരിശോധനകൾ നടത്തും. വിജിലൻസ് കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. അന്വേഷണ നടപടികൾ ആധുനികവൽക്കരിക്കും. അവ ഡിജിറ്റൈസ് ചെയ്യാൻ ‘വിജിലൻസ് കേസ് ആൻഡ് എൻക്വയറി മാനേജ്മെന്റ് സിസ്റ്റം (വി.സി.ഇ.എം.എസ്) നടപ്പാക്കും. പ്രിവന്റീവ് വിജിലൻസിന്റെ ഭാഗമായി അഴിമതി നടന്ന ശേഷം ഇടപെടുന്നതിന് പകരം അഴിമതി നടക്കാതിരിക്കാനുള്ള സംവിധാനം ശക്തമാക്കും.
വകുപ്പുതല റിസ്ക് ഓഡിറ്റുകൾ, നടപടിക്രമങ്ങൾ ലളിതമാക്കൽ, പർച്ചേസിൽ സുതാര്യത, ഉദ്യോഗസ്ഥരുടെ റൊട്ടേഷൻ-നിരീക്ഷണ സംവിധാനങ്ങൾ, ഉദ്യോഗസ്ഥരുടെ വിശ്വാസ്യത വിലയിരുത്താൻ സംവിധാനം എന്നിവ നടപ്പാക്കും. സത്യസന്ധത, കൃത്യവിലോപം എന്നിവയെക്കുറിച്ച് പരാതികളോ സംശയങ്ങളോ നിലനിൽക്കുന്നവരെ ഉൾപ്പെടുത്തി അതത് വകുപ്പുകളുമായി ആലോചിച്ച് പട്ടിക തയാറാക്കും.
ഡിജിറ്റൽ വിജിലൻസിന്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. നിർമിത ബുദ്ധി അടിസ്ഥാനമാക്കി പരാതി വിശകലനം, സംശയാസ്പദ ഇടപാടുകളുടെ ഡാറ്റാ അനലിറ്റിക്സ്, റിസ്ക് മാപ്പിങ്, ഡിജിറ്റൽ ഡാഷ്ബോർഡുകൾ, ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയവ നടപ്പാക്കും.
മുഴുവൻ സമയ ഡിജിറ്റൽ പരാതി സംവിധാനവും, ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയ റിപ്പോർട്ടിങ് ഏകീകൃത കേസ് മാനേജ്മെന്റ് സംവിധാനം, റിയൽ ടൈം നിരീക്ഷണം, പ്രത്യേക സൈബർ വിജിലൻസ് യൂനിറ്റ് എന്നിവയും സജ്ജമാക്കും.
പാർട്ടിസിപ്പേറ്റീവ് വിജിലൻസിന്റെ ഭാഗമായി പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് മൊബൈൽ ആപ്പും വെബ് പോർട്ടലും ഉൾപ്പെടുന്ന പരാതി പരിഹാര സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിലൂടെ അഴിമതിസാധ്യതകളുടെ ഹീറ്റ് മാപ്പുകൾ തയ്യാറാക്കി അഴിമതിക്ക് തടയിടാനാണ് ഉദ്ദേശമെന്ന് മനോജ് എബ്രഹാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

