കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലേക്ക് നാലുവരി പാത നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷൻ വരെ നാലുവരി പാതയാക്കുമെന്ന് നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലുള്ള നടപടികളാണ് ആരംഭിച്ചത്.
12 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കാൻ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാനുള്ള ജോലികളാണ് ആരംഭിക്കുന്നത്. ഇതിനായി 33.7 ലക്ഷത്തിെൻറ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് - മലപ്പുറം - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാത 966 കേന്ദ്ര സർക്കാർ ഭാരത്മാല പരിയോജനയിൽ ഉൾപ്പെടുത്തി നാല്, ആറ് വരി പാതയാക്കി വികസിപ്പിക്കുന്ന നടപടികൾ ദേശീയപാത അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.
ഇൗ അലൈൻമെൻറിൽ കോഴിക്കോട് മുതൽ എയർേപാർട്ട് ജങ്ഷൻ വരെയുള്ള ഭാഗം ഉൾപ്പെട്ടിട്ടില്ല. നിലവിൽ കരിപ്പൂരിലേക്കുള്ള പ്രധാനപാതയായ രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷൻ വരെ പലയിടത്തും ഗതാഗതകുരുക്ക് പതിവാണ്.