നാലു ലക്ഷത്തിലധികം കന്നി വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തും
text_fieldsതിരുവനന്തപുരം: 16ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് പോകുന്നത്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുവരെയാണ് സമ്മതിദായകന് വോട്ടവകാശം രേഖപ്പെടുത്താനുള്ള സമയം. സംസ്ഥാനത്ത് ആകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76,000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. 883 സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്. ഇത്തവണ നാല് ലക്ഷത്തിലധികം കന്നി വോട്ടർമാരുണ്ട്.
വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്പോളിങ് ആരംഭിച്ചു. ചിലയിടങ്ങളിൽ വോട്ട് യന്ത്രത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് മോക്പോളിങ് വൈകി. തകരാർ പരിഹരിക്കുകയോ പകരം യന്ത്രം എത്തിക്കുകയോ ചെയ്ത് മോക്പോളിങ് തുടങ്ങിയിട്ടുണ്ട്. എസ്.ഐ.ആർ പ്രക്രിയക്ക് പൂർണമായും നടപ്പാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞടുപ്പാണിത്. സംസ്ഥാനത്തെ എല്ലാ വോട്ടിങ് കേന്ദ്രങ്ങളും തയാറെടുപ്പുകൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വോട്ടിങ് നടപടികൾ സുതാര്യമായി നടത്തുമെന്ന് അതത് ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ല കലക്ടർമാർ അറിയിച്ചു. വോട്ടർമാരെ പോളിങ് ബൂത്തുകളിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. പലയിടത്തും വോട്ടിന് പണവും മറ്റു വസ്തുകൾ വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുന്ന ദൃശ്യങ്ങളുമാണ് കേരളം കണ്ടത്.
പോളിങ് ബൂത്തിൽ വരിനിൽക്കുന്ന വോട്ടര്‍മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് അകത്തേക്ക് കടത്തിവിടും. ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ് ആദ്യമെത്തുക. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ കൈയിലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തും. രണ്ടാമത്തെ പോളിങ് ഓഫിസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് 17എ ഫോം എന്ന വോട്ടര്‍മാരുടെ രജിസ്റ്ററില്‍ വോട്ടറുടെ ക്രമനമ്പര്‍ എഴുതും. ഒപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വോട്ടർ കാർഡ് ആണെങ്കിൽ ഇ.പി എന്ന് ഇംഗ്ലീഷിലും മറ്റു കാർഡുകളാണെങ്കിൽ അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതും.
ശേഷം രജിസ്റ്ററില്‍ ഒപ്പുവെപ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടർക്ക് സ്ലിപ് നല്‍കും. സ്ലിപ്പുമായി വോട്ടര്‍ എത്തുന്നത് വോട്ടിങ് യന്ത്രത്തിന്റെ കണ്ട്രോള് യൂനിറ്റ് ചുമതലയുള്ള മൂന്നാം പോളിങ് ഓഫിസറുടെ മുന്നിലാണ്. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്ട്രോള് യൂനിറ്റിലെ ബാലറ്റ് ബട്ടൺ അമര്‍ത്തും. ഇതോടെ കണ്ട്രോള് യൂനിറ്റിലെ ‘Busy’ എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂനിറ്റിലെ Ready എന്നെഴുതിയ ഭാഗത്തെ ലൈറ്റ് പച്ചനിറത്തില്‍ പ്രകാശിക്കും. ഈ സമയം വോട്ടര്‍ കൗണ്ടറില്‍ പ്രവേശിച്ച് തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയ നീല ബട്ടന് അമര്‍ത്തണം. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാര്‍ഥിയുടെ പേരിന് സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പുനിറത്തില്‍ പ്രകാശിക്കും. ഈസമയം വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വി.വി.പാറ്റ് യന്ത്രത്തില്‍നിന്ന് പുറത്തുവരും. ഇത് ഏഴു സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ കാണാം. ഈ സമയം കണ്ട്രോള് യൂനിറ്റില്‍നിന്ന് ബീപ് ശബ്ദം കേള്‍ക്കും. ഇതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

