ഇന്ന് നാല് ഹജ്ജ് വിമാനങ്ങൾ; നാലിലും വനിത തീർഥാടകർ
text_fieldsമലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ശനിയാഴ്ച കേരളത്തിൽനിന്ന് നാല് വിമാനങ്ങളിലായി 848 പേർ മക്കയിലേക്ക് പുറപ്പെടും. നാല് വിമാനങ്ങളിലും വനിത തീർഥാടകരാണ് യാത്രക്കാർ. കരിപ്പൂരിൽനിന്ന് 145 പേർ വീതവും കൊച്ചിയിൽനിന്നുള്ള വിമാനത്തിൽ 413 പേരുമാണ് യാത്രയാവുക. കരിപ്പൂരിൽനിന്ന് പുലർച്ച 4.20ന് ഐ.എക്സ് 3029, രാവിലെ 8.25ന് ഐ.എക്സ് 3021, വൈകീട്ട് 6.25ന് ഐ.എക്സ് 3025 നമ്പർ വിമാനങ്ങളും കൊച്ചിയിൽനിന്ന് രാവിലെ 11.30ന് എസ്.വി 3738 നമ്പർ വിമാനവുമാണ് സർവിസ് നടത്തുക. കരിപ്പൂരിൽ ഇന്നലെവരെ നാല് വിമാനങ്ങൾ വനിത തീർഥാടകർക്ക് മാത്രമായി സർവിസ് നടത്തി. കൊച്ചിയിൽനിന്ന് ശനിയാഴ്ച പുറപ്പെടുന്ന ഒരു വിമാനമാണ് സ്ത്രീകൾക്കു മാത്രമായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച കരിപ്പൂരിൽനിന്ന് മൂന്ന് വിമാനങ്ങളും കൊച്ചിയിൽനിന്ന് ഒരു വിമാനവും സർവിസ് നടത്തി. കരിപ്പൂരിൽനിന്ന് പുലർച്ച 4.20, രാവിലെ 9.35, വൈകീട്ട് 6.35 സമയങ്ങളിലാണ് വിമാനങ്ങൾ പുറപ്പെട്ടത്. മൂന്ന് വിമാനങ്ങളിലും വനിത തീർഥാടകരായിരുന്നു. കൊച്ചിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ 11.32ന് പുറപ്പെട്ട എസ്.വി 3738 നമ്പർ വിമാനത്തിൽ 215 പുരുഷന്മാരും 198 സ്ത്രീകളുമാണ് യാത്രയായത്. സൗദി സമയം 2.24ന് വിമാനം ജിദ്ദയിലിറങ്ങി.
കണ്ണൂരിൽനിന്ന് ഇന്നലെയും ഇന്നും സർവിസില്ല. നാളെ പുലർച്ച 1.45നാണ് സർവിസ്. ഞായറാഴ്ച കരിപ്പൂരിൽനിന്ന് രാവിലെ 9.00നും വൈകീട്ട് 6.35നും കണ്ണൂരിൽനിന്ന് പുലർച്ച 1.45നുമാണ് സർവിസ്. ലക്ഷദ്വീപിൽ നിന്നുള്ള 164 തീർഥാടകർ തിങ്കളാഴ്ച കൊച്ചിയിൽനിന്ന് പുറപ്പെടും. ഇവർ കഴിഞ്ഞദിവസംതന്നെ കപ്പൽ മുഖേന കൊച്ചിയിലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കരിപ്പൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

