ദുരിതാശ്വാസ ക്യാമ്പുകളിൽ നാലു മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി നാലു മരണം. കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കലിലും തെക്കേമലയിലും രണ്ടു വീട്ടമ്മമാരാണ് മരിച്ചത്. കൂട്ടിക്കല്‍, പൂച്ചാക്കല്‍ സ്കൂളിനു സമീപം കല്ലുപുരക്കല്‍ സൈനുദ്ദീെൻറ ഭാര്യ നസീമ (57), പെരുവന്താനം തെക്കേമല ജ്യോതിസ്സ് നഗർ ചെരുവില്‍ തങ്കച്ചെൻറ ഭാര്യ ജെസി (40) എന്നിവരാണ് രോഗം മൂർച്ഛിച്ച് മരിച്ചത്. കോഴിക്കോട് താമരശ്ശേരി കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച മൈലള്ളാംപാറ ദുരിതാശ്വാസ ക്യാമ്പിൽ എടുത്തുവെച്ചകല്ല് പരപ്പൻ തൊടുകയിൽ ചാത്തൻ (70) മരിച്ചു. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം സി.എസ്.ഐ പള്ളിക്ക് സമീപം താമസിക്കുന്ന ദേവസ്യ വർക്കി (64) തിങ്കളാഴ്ച ക്യാമ്പിൽ മരിച്ചു. ദേവസ്യയും കുടുംബാംഗങ്ങളും ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ഏതാനും ദിവസമായി തട്ടക്കുഴ ഗവ. എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ഭാര്യ: മറിയക്കുട്ടി (കുഞ്ഞമ്മ). മക്കൾ: പരേതനായ ജെൻസ്, ജോമോൻ, അജി. മരുമക്കൾ: സോളി തുടങ്ങനാട്, ജിന്‍സി മുതിയാമല, തിമത്തിയോസ് പത്തനംതിട്ട.
കഴിഞ്ഞദിവസത്തെ കനത്തമഴയില്‍ വീടും പരിസരവും വെള്ളത്തിലായതോടെ നസീമയെയും കുടുംബത്തെയും കൂട്ടിക്കല്‍ കെ.എം.ജെ പബ്ലിക് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പ്രമേഹംകൂടി രക്തസമ്മർദം കുറഞ്ഞതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാത്രി ഒമ്പതോടെ കൂട്ടിക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരുടെ സേവനമില്ലാത്തതിനാല്‍ മടക്കിയയച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: സിനിമോള്‍, നിസമോള്‍. മരുമക്കള്‍: ഷമീര്‍, നിസാര്‍.
മഴയെത്തുടര്‍ന്ന് തെക്കേമല സെൻറ് മേരീസ് സ്കൂളിലെ ക്യാമ്പിലായിരുന്ന ജെസിയെ കടുത്ത പനിയെ തുടര്‍ന്നാണ് ഞായറാഴ്ച മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ മരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് മുണ്ടക്കയം സെൻറ് മേരീസ് ലത്തീന്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍: ജോബി, ജോമോന്, ജോമോള്‍, ജ്യോതിഷ്.
മൈലള്ളാംപാറ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന ചാത്തന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ക്യാമ്പിലെ മെഡിക്കൽ സംഘം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുമണിയോടെ മരിച്ചു. നേരത്തേ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ചാത്തൻ ഉരുൾപൊട്ടിയ ദിവസം വീട്ടിലുണ്ടായിരുന്നില്ല. അഗസ്ത്യൻമുഴിയിലെ മകളുടെ വീട്ടിലായിരുന്നു. വീടിന് കേടുപാടുണ്ടെന്നറിഞ്ഞ് രണ്ടു ദിവസം മുമ്പാണ് എത്തിയത്. വീട് തകർന്നതിൽ അസ്വസ്ഥനായ ഇദ്ദേഹത്തെ മകളുടെ വീട്ടിലേക്കുതന്നെ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
