കടം കൊടുത്ത പണം തിരിച്ചുചോദിച്ച യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതിയടക്കം നാല് പേർ അറസ്റ്റിൽ
text_fieldsശ്രീജ, പ്രനോഷ്, അഖിനേഷ്
ബേപ്പൂർ: കടം കൊടുത്ത പണം തിരിച്ചുചോദിച്ച യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതിയടക്കം നാലുപേർ ബേപ്പൂർ പൊലീസിന്റെ പിടിയിലായി. മാറാട് സ്വദേശിയായ അഞ്ചാമൻ ഒളിവിലാണ്. ഒളവണ്ണ സ്വദേശി ബിനോയിയുടെ പരാതിയിൽ ബേപ്പൂർ ബി.സി റോഡ് പുതിയടത്ത് പറമ്പ് ശ്രീജ (40), നോർത്ത് ബേപ്പൂർ കൈതവളപ്പ് കൊങ്ങറ്റകത്ത് കെ. പ്രനോഷ് (26), വെസ്റ്റ്മാഹി കൈയാട്ടിൽ അഖിനേഷ് എന്ന അപ്പു (26), ആർ.എം ഹോസ്പിറ്റലിനു സമീപം ചേക്കിന്റെകത്ത് സി. സുഹൈൽ (24) എന്നിവരാണ് പിടിയിലായത്.
അഞ്ചാംപ്രതി മാറാട് പ്രിയ ഹോട്ടലിനു സമീപത്തെ ശരത്തിനുവേണ്ടി അന്വേഷണം ഊർജിതമാക്കി. ബിനോയിയോട് പണം കടം വാങ്ങിയ ശ്രീജ, തിരിച്ചുതരാമെന്നു പറഞ്ഞ് ബേപ്പൂർ ബി.സി റോഡിന് പടിഞ്ഞാറു വശത്ത് ഇവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഫ്ലാറ്റിലെത്തിയ യുവാവിനോട് അൽപം കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഫ്ലാറ്റിലെത്തിയ മറ്റു നാലുപേർ ഇയാളെ മർദിക്കുകയും യുവതിയെ ചേർത്തുനിർത്തി ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇനി പണം തിരിച്ചുചോദിച്ചാൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന പണം ബലമായി കവർന്നെടുക്കുകയും ഉച്ചവരെ ഫ്ലാറ്റിൽ കൈകാലുകൾ ബന്ധിച്ച് പൂട്ടിയിടുകയും ചെയ്തു. വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐമാരായ ഷൈജ, അബ്ദുൽ വഹാബ്, എ.എസ്.ഐ ദീപ്തിലാൽ, സി.പി.ഒമാരായ അനൂപ്, ജിതേഷ്, ഷീന, ജോർജ്, രമ്യ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അഞ്ചാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

